സ്വന്തം ലേഖകന്‍: ഇന്ധന പൈപ്പ് ലൈന്‍ തുരന്ന് പെട്രോള്‍ മോഷണം; മെക്‌സിക്കോയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണല്‍ 73 ആയി; പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില ഗുരുതരം, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മെക്‌സിക്കോയിലെ ഹിഡാല്‍ഗോയിലുള്ള ടെലഹ്യൂലില്‍പെനില്‍ അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
ഏഴ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പരിക്കേറ്റവരുടെ എണ്ണം 74 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇന്ധന മോഷ്ടാക്കള്‍ പൈപ്പ് ലൈന്‍ തുരന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പെട്രോളിയം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
പെട്രോള്‍ എടുക്കാന്‍ നിരവധിയാളുകള്‍ കാനുകളുമായി എത്തിയതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പൊട്ടിത്തെറി നടന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നാണ് ജനങ്ങളുടെ ആരോപണം.
ഇന്ധനക്ഷാമം മൂലം ജനങ്ങള്‍ പൈപ്പ് ലൈനുകളില്‍നിന്നും ടാങ്കറുകളില്‍നിന്നും മോഷണം നടത്തുന്നത് മെക്‌സിക്കോയില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം മോഷണം മൂലമുണ്ടായ നഷ്ടം 300 കോടി ഡോളര്‍ വരുമെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ അറിയിച്ചത്. അതേസമയം, ഇന്ധനക്ഷാമം മൂലമാണു ജനങ്ങള്‍ കാനുകളുമായി മോഷണത്തിനു പോയതെന്ന് സ്‌ഫോടനം ഉണ്ടായ സ്ഥലത്തെ ആളുകള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല