വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും പക്ഷെ വായിച്ചില്ലെങ്കില്‍ വളയും വായിച്ചു വളര്‍ന്നാല്‍ വിളയും എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. എന്തായാലും മെക്സിക്കന്‍ സര്‍ക്കാര്‍ തങ്ങളുടെ നാട്ടിലെ ജനങ്ങളെ വായിച്ചു വളര്‍ത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. വായനയിലൂടെ ഒരു നാടിന്റെ മനസ്സ് വിമലീകരിക്കാനുള്ള ശ്രമത്തിലാണ് മയക്കുമരുന്നുകടത്തും അനുബന്ധ അക്രമങ്ങളും കൊണ്ട് സാമൂഹികവിരുദ്ധരുടെ നാടെന്ന കുപ്രസിദ്ധി നേടിയ മെക്സിക്കോ. പൊതു ചത്വരങ്ങളില്‍ തുറന്ന ലൈബ്രറികള്‍ സ്ഥാപിച്ച് വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയാണിത്. പാരാലൈബ്രോസ് എന്നാണ് ലൈബ്രറികള്‍ക്ക് പേര്.
അക്രമത്തിന്റെ കൊടുമുടിയില്‍ നിന്ന് കൊളംബിയയിലെ ബൊഗോട്ട പട്ടണം വായനയിലൂടെ ശാന്തിയിലേക്ക് മടങ്ങുന്നതിന്റെ മാതൃക പിന്‍ചെന്നാണ് മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയും അതേ പാതയിലേക്ക് നീങ്ങിയത്. ലോകസാഹിത്യത്തിലെ ക്ലാസിക്കുകള്‍ മുതല്‍ ജീവിതവിജയത്തിന് മാര്‍ഗദര്‍ശനം നല്കുന്ന പുസ്തകങ്ങള്‍ വരെ സജ്ജീകരിച്ച പാരാലിബ്രോസ് രാജ്യത്തെ 32 സംസ്ഥാനങ്ങളില്‍ ഏഴെണ്ണത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങളായി ഇവ പരിണമിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ലൈബ്രറികളില്‍ വായനയുടെ പ്രോത്സാഹകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും ഒരു ചെറിയ തുക സ്റ്റൈപ്പെന്ഡുമുണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറിന്റെ കീഴില്‍ പ്രത്യേക കേന്ദ്രം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 2006 മുതല്‍ മെക്സിക്കോയില്‍ നടന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട 50,000 കുറ്റകൃത്യങ്ങളില്‍ 30 ശതമാനം നടന്ന ചിവ്വാവ സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച പാരാലൈബ്രോസ് തുടങ്ങി. സംസ്ഥാനത്തെ വിവിധ പട്ടണങ്ങളിലും നഗരങ്ങളിലുമായി 11പാരാലൈബ്രോസിനാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല