സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് നിയമ സെക്രട്ടറി മൈക്കിള്‍ ഗോവ് പിന്മാറണമെന്ന് മുന്‍ ചാന്‍സലര്‍ കെന്‍ ക്ലാര്‍ക്. പ്രധാനമന്ത്രിയാവുമെന്ന് കരുതിയിരുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണെ പിന്തുണച്ചിരുന്ന മൈക്കിള്‍ ഗോവ് ജോണ്‍സണ്‍ പിന്മാറിയതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മത്സരിക്കുന്നതായി പ്രഖ്യാപിച്ചത്.
കുതന്ത്രത്തിലൂടെ ഉന്നതസ്ഥാനത്തത്തൊന്‍ ശ്രമിക്കുന്ന ഗോവിന് ബ്രിട്ടനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ കഴിയില്ലെന്ന് ക്ലാര്‍ക് ആരോപിച്ചു. അതേസമയം, സ്ഥാര്‍ഥിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ബോറിസ് ജോണ്‍സണ്‍ ആ സ്ഥാനത്തേക്ക് യോഗ്യനല്ലെന്ന് കണ്ടാണ് മുന്നോട്ടു വന്നതെന്നും ഗോവ് ന്യായീകരിച്ചു.
തന്റെ ന്യൂനതകളെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ മത്സരിക്കാന്‍ ഇപ്പോഴും വൈമനസ്യമുണ്ട്. മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനുള്ള കഴിവോ സൗന്ദര്യമോ ഒന്നും തനിക്കില്ല. ശരിയെന്നു തോന്നിയ കാര്യമാണ് ചെയ്തതെന്നും ഗോവ് വ്യക്തമാക്കി.
അതേസമയം രണ്ട് പ്രമുഖ മന്ത്രിമാരുടെ പിന്തുണ ഉറപ്പിച്ച് ആഭ്യന്തര സെക്രട്ടറി തെരേസ മേ പ്രചാരണം ശക്തമാക്കി. ബോറിസ് ജോണ്‍സണ്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നത് തെരേസക്കാണ്. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ പിന്തുണച്ചിരുന്ന ആളാണ് തെരേസ.
കാമറണിന്റെ പിന്‍ഗാമിയാവാന്‍ അഞ്ചുപേരാണ് മത്സരരംഗത്തുള്ളത്. കൂട്ടുതല്‍ പേര്‍ സ്ഥാനാര്‍ഥികളായതിനാല്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 331 എം.പിമാര്‍ യോഗംചേര്‍ന്ന് വോട്ടെടുപ്പിലൂടെ സ്ഥാനാര്‍ഥികളുടെ എണ്ണം രണ്ടായി ചുരുക്കും. പിന്നീട് രണ്ടിലൊരാളെ നേതാവായി പ്രഖ്യാപിക്കും. സെപ്റ്റംബര്‍ ഒമ്പതിനാണ് വിജയിയെ പ്രഖ്യാപിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല