സ്‌കീയിംഗിനിടെ അപകടത്തില്‍പ്പെട്ട എഫ് വണ്‍ ചാമ്പ്യന്‍ മൈക്കിള്‍ ഷൂമാക്കറുടെ ആശുപത്രി ചെലവുകള്‍ ഞെട്ടിക്കുന്നത്. യുകെയിലെ എക്‌സ്പ്രസ് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചികിത്സ തുടങ്ങി 14 മാസം പിന്നിടുമ്പോള്‍ ഷൂമാക്കറെ തിരികെ കൊണ്ടു വരുന്നതിനായി കുടുംബം ചെലവാക്കിയത് 10 മില്യണ്‍ പൗണ്ട്. ഇത്രയധികം തുക ചെലവാക്കി ചികിത്സ നടത്തുമ്പോഴും ഷൂമാക്കര്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തും എന്ന് ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ല. ജെനീവയിലെ വീട്ടിലാണ് ഇപ്പോള്‍ ഷൂമാക്കറുടെ ചികിത്സകള്‍ നടത്തുന്നത്.
ഷൂമാക്കറുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ല. സംസാരിക്കാനോ നടക്കാനോ കാര്യങ്ങള്‍ തിരിച്ചറിയാനോ ഷൂമാക്കര്‍ക്ക് സാധിക്കുന്നില്ലെന്ന് കുടുംബവുമായി അടുത്ത ബന്ധമുള്ള ശ്രോതസ്സിനെ ഉദ്ധരിച്ച് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
15 പേര് അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഷൂമാക്കറെ ചികിത്സിക്കുന്നത്. പ്രൊഫസര്‍ ജീന്‍ ഫ്രാന്‍കോയിസ് പയെനാണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഷൂമാക്കറുടെ കുടുംബവുമായും മെഡിക്കല്‍ സംഘവുമായും പ്രൊഫസര്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്.
2013 ഡിസംബര്‍ 29നായിരുന്നു ആല്‍പ്‌സ് മലനിരകളില്‍ സ്‌കൈയിംഗ് നടത്തുകയായിരുന്ന മൈക്കള്‍ ഷൂമാക്കര്‍ വീണ് പരുക്കേറ്റത്. വീഴ്ച്ചയില്‍ ഷൂമാക്കറുടെ തല കല്ലില്‍ ഇടിച്ചു. തുടര്‍ന്ന് കോമയിലായ ഷൂമാക്കര്‍ കോമയില്‍നിന്ന് പുറത്ത് വന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതിയൊന്നും കാണിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് ജെനീവയിലെ വീട്ടിലേക്ക് ചികിത്സ മാറ്റി. മാധ്യമങ്ങളുടെയും ആരാധകരുടെയും മറ്റും ഇടപെടീല്‍ ഒഴിവാക്കുന്നതിനാണ് വീട്ടിലേക്ക് ഷൂമാക്കറെ മാറ്റിയത്. വീല്‍ച്ചെയറില്‍ ഷൂമാക്കര്‍ പുറത്തിറങ്ങുമ്പോള്‍ പാപ്പരാസികളും മറ്റും ചിത്രം പകര്‍ത്താതിരിക്കാന്‍ ജെനീവയിലെ വീടിന് ചുറ്റും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല