എഫ് വണ്‍ റേസിംഗ് ഫീല്‍ഡിലെ ഒരിക്കലും മറക്കാനാവാത്ത പേരാണ് മൈക്കിള്‍ ഷൂമാക്കര്‍. അപ്രതീക്ഷിതമായ ഓഫ് ട്രാക്ക് അപകടത്തെ തുടര്‍ന്ന് കിടപ്പിലായ ഷൂമാക്കറുടെ പാരമ്പര്യവും പേരും നിലനിര്‍ത്താന്‍ ഇനി മകനുണ്ടാകും ട്രാക്കില്‍. ഷുമാക്കറുടെ മൂത്ത മകന് പതിനഞ്ചുകാരനായ മിക്ക് ഷൂമാക്കറാണ് അച്ഛനു പിന്നാലെ ട്രാക്കില്‍ വിസ്മയങ്ങള്‍ തീര്‍ക്കാനൊരുങ്ങുന്നത്. ഫോര്‍മുല മത്സരങ്ങളുടെ ആദ്യ പടിയായ ഫോര്‍മുല 4 വിഭാഗത്തിലാണ് മിക്ക് ഇറങ്ങുന്നത്. ഫോര്‍മുല ഫോര്‍ വിഭാഗത്തില്‍ മത്സരിക്കാനായി മിക്ക് കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.
കഴിഞ്ഞ സീസണില്‍ ജര്‍മന്‍ കാര്‍ട്ട് റേസ്സില്‍ മിക്കിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഡച്ച് ടീമായ വാന്‍ ആമേര്‍സ്ഫൂര്‍ട്ട് റേസിംഗുമായാണ് മിക്കിന്റെ കരാര്‍. മിക്കിന്റെ കഴിവില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ടെസ്റ്റ് ഡ്രൈവിങ്ങില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ടീം മാനേജര്‍ പറഞ്ഞു.
ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തില്‍ ഏഴു തവണ ചാമ്പയ്ന്ഷിപ്പ് സ്വന്തമാക്കി ചരിത്രം കുറിച്ചയാളാണ് മൈക്കിള്‍ ഷൂമാക്കര്‍. 2013 ഡിസംബര്‍ 29 ന് മകനൊപ്പം ഫ്രഞ്ച് ആല്‍പ്സ് പര്‍വതനിരകളില്‍ സ്കീയിംഗ് നടത്തുമ്പോഴുണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ ഷൂമാക്കര്‍ കോമയിലാണ്. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഷൂമിക്കറിന് മടങ്ങിവരാനാകുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഷൂമാക്കറുടെ സമ്പാദ്യത്തില്‍നിന്ന് കോടികള്‍ ചെലവഴിച്ചിട്ടും സുഖം പ്രാപിക്കുന്നില്ല, ഭീമമായ ചികിത്സാ ചെലവ് ഷൂമാക്കര്‍ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ എന്ന ആശങ്കകള്‍ കേട്ട് തുടങ്ങിയപ്പോഴേക്കാണ് ട്രാക്കില്‍ മകന്റെ ഉദയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല