സ്വന്തം ലേഖകന്‍: മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; രണ്ടു പേര്‍ മരിച്ചു; യുഎസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്. പതിനൊന്നുകാരി ഉള്‍പ്പെടെ രണ്ടു പേരാണ് ഇതുവരെ മരിച്ചത്. കനത്ത മഴയില്‍ തീരമേഖലയിലെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി പല സ്ഥലങ്ങളിലും ഗതാഗതം അസാധ്യമായി. ശക്തി ക്ഷയിച്ച കാറ്റ് നോര്‍ത്ത്, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലേക്കു നീങ്ങി.
ബുധനാഴ്ച ഉച്ചയ്ക്കാണ് മൈക്കിള്‍ ഫ്‌ളോറിഡയില്‍ വീശിയത്. ചൊവ്വാഴ്ച കാറ്റഗറി2ല്‍ ആയിരുന്ന കൊടുങ്കാറ്റ് ബുധനാഴ്ച ആയപ്പോഴേക്കും ഏറ്റവും ശക്തിയേറിയ കാറ്റഗറി5ലേക്ക് ഉയര്‍ന്നു. മെക്‌സിക്കോ ഉള്‍ക്കടലില്‍ അസാധാരണമാംവിധം വെള്ളത്തിനു ചൂടുപിടിച്ചതാണ് കൊടുങ്കാറ്റിന്റെ ശക്തി കൂട്ടിയത്. 1935ല്‍ ഫ്‌ളോറിഡയില്‍ വീശിയ പേരിടാത്ത ചുഴലിയും 1969ല്‍ മിസിസിപ്പിയില്‍ അടിച്ച കാമിലുമാണ് ഇതിനുമുന്പ് അമേരിക്ക നേരിട്ട ശക്തിയേറിയ കൊടുങ്കാറ്റുകള്‍.
മൈക്കിള്‍ ഫ്‌റോളിഡയില്‍ വീശിയപ്പോള്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലേക്കു താണിരുന്നു. തുടര്‍ന്ന് കാറ്റഗറി2ലേക്കും താണു. ഗാഡ്‌സന്‍ കൗണ്ടിയില്‍ മരം വീണ് ഒരു പുരുഷനും സെമിനോള്‍ കൗണ്ടിയില്‍ മൊബൈല്‍ വീട് തകര്‍ന്ന് പെണ്‍കുട്ടിയും മരിച്ചതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മേഖലകളില്‍ എത്തിച്ചേര്‍ന്നാലേ നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമാകൂ. തീരപ്രദേശങ്ങളില്‍ രണ്ടര മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായി.
കനത്ത മഴ നിരവധി ഭവനങ്ങളെ വെള്ളത്തില്‍ മുക്കി. ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് അവഗണിച്ചവര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്ക ശക്തമാണ്. മൂന്നേമുക്കാല്‍ ലക്ഷം പേരോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതെങ്കിലും ധാരാളം പേര്‍ മുന്നറിയിപ്പ് അവഗണിച്ചത് അധികൃതര്‍ക്ക് തലവേദനയായി. അമേരിക്കയിലെത്തുംമുന്പ് ഹോണ്ടുറാസ്, നിക്കരാഗ്വ, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളില്‍ വീശിയടിച്ച മൈക്കിള്‍ 13 പേരുടെ ജീവനെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല