1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2023

സ്വന്തം ലേഖകൻ: ജി 20 ഉച്ചകോടിയുടെ വിജയകരമായ സമാപനത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. സൗദി അറേബ്യയെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും ഭാവി പദ്ധതികളെക്കുറിച്ചുമാണ് അദ്ദേഹം ഈ വീഡിയോയില്‍ സംസാരിക്കുന്നത്.

2018ല്‍ ചിത്രീകരിച്ച വീഡിയോ ആണിത്. ‘പശ്ചിമേഷ്യ പുതിയ യൂറോപ്പ് ആയി മാറുമെന്ന് അദ്ദേഹം ഇതില്‍ പറയുന്നത് കാണാം. സൗദിയും പശ്ചിമേഷ്യയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്യമായ പരിവര്‍ത്തനത്തിന് വിധേയമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അടുത്ത ആഗോള നവോത്ഥാനം മിഡില്‍ ഈസ്റ്റിലായിരിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വീഡിയോയില്‍ പറയുന്നു.

”അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യ അടിമുടി മാറും. ബഹ്‌റൈനും ഖത്തറും ഉള്‍പ്പെടെ പശ്ചിമേഷ്യ പരിപൂര്‍ണമായി മാറും. ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളാണിവ. യുഎഇ, ഒമാന്‍, ലബനാന്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെല്ലാം മുന്നേറും. അടുത്ത അഞ്ച് വര്‍ഷം നമ്മള്‍ വിജയിച്ചാല്‍ നിരവധി രാജ്യങ്ങള്‍ നമ്മെ പിന്തുടരും. ദൈവേച്ഛയുണ്ടെങ്കില്‍ അടുത്ത 30 വര്‍ഷത്തിനുള്ളിലെ ആഗോള നവോത്ഥാനം മിഡില്‍ ഈസ്റ്റിലായിരിക്കും. ഇത് സൗദികളുടെ യുദ്ധമാണ്, ഇത് എന്റെ യുദ്ധമാണ്. ഞാന്‍ വ്യക്തിപരമായി എടുക്കുന്നു, മിഡില്‍ ഈസ്റ്റിനെ ലോകത്തിന്റെ മുന്‍നിരയില്‍ കാണുന്നതിന് മുമ്പ് മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ ലക്ഷ്യം കൈവരിക്കുമെന്ന് നൂറ് ശതമാനം ഞാന്‍ വിശ്വസിക്കുന്നു”- എന്നായിരുന്നു എംബിഎസിന്റെ വാക്കുകള്‍.

ജി20 ഉച്ചകോടിയില്‍ മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ്, ഇന്ത്യ, യുഎഇ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളും ചേര്‍ന്ന് ഇന്ത്യമിഡില്‍ ഈസ്റ്റ്-യൂറോപ്പ്-സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലായി ഈ ഇടനാഴിയെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ പാതയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ പാതയും ഇടനാഴിയില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ, കപ്പല്‍-റെയില്‍ ഗതാഗത ശൃംഖല, റോഡ് ഗതാഗത റൂട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ബൃഹത് പദ്ധതിയാണിത്.

രണ്ടു ദിവസത്തെ ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് രാത്രിയാണ് ഇന്ത്യയില്‍ നിന്ന് മടങ്ങുക. ഉച്ചകോടി ഇന്നലെ അവസാനിച്ചതിനാല്‍ ഇന്ന് രാവിലെ മുതല്‍ ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക സൗഹൃദ സന്ദര്‍ശനം ആരംഭിച്ചിരുന്നു. രാവിലെ ന്യൂഡല്‍ഹിയിലെ രാഷ്ട്രപതിഭവനില്‍ സ്വീകരണം നല്‍കി.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നാണ് രാഷ്ട്രപതി ഭവനില്‍ സ്വീകരിച്ചത്. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ആദ്യ നേതൃയോഗവും ചേര്‍ന്നു. ഇന്ന് വൈകുന്നേരം മോദിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അദ്ദേഹം ഇന്ത്യയില്‍ നിന്ന് മടങ്ങുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.