സ്വന്തം ലേഖകന്‍: നവജാത ശിശുക്കള്‍ക്ക് നടുവിരല്‍ സല്യൂട്ടും റാപ്പ് മ്യൂസിക്കിനൊപ്പം ഡാന്‍സും, ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അമേരിക്കന്‍ നഴ്‌സുമാരുടെ ജോലി തെറിച്ചു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെയിലെ നേവല്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാരെയാണ് ജോലിയില്‍ അലംഭാവം കാണിച്ച കുറ്റത്തിന് പുറത്താക്കിയത്. ഇരുവരും തമാശയായി നവജാത ശിശുക്കളെ കളിപ്പിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ് നഴ്‌സുമാര്‍ക്ക് വിനയായത്.
ജനിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ റാപ്പ് മ്യൂസിക്കിനൊപ്പം നൃത്തം ചെയ്യിച്ചതായിരുന്നു ഒരു നഴ്‌സിന് ആശുപത്രിയില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയത്. ‘ഈ കുഞ്ഞ് സാത്താനെ കാണുമ്പോള്‍ എനിക്ക് തോന്നുന്നത് ഇതാണെന്നു പറഞ്ഞ് നടുവിരല്‍ ഉയര്‍ത്തിയുള്ള ചിത്രം പോസ്റ്റു ചെയ്തതാണ് മറ്റൊരു നഴ്‌സിന് വിനയായത്. ചിത്രങ്ങള്‍ ‘സ്‌നാപ്പ് ചാറ്റി’ലായിരുന്നു ഇരുവരും പങ്കുവെച്ചത്. ഇത് വളരെ വേഗത്തില്‍ വൈറലായി. നിരവധി ആളുകളാണ് ചിത്രം പങ്കുവക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്.
നഴ്‌സുമാരെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവന ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. നഴ്‌സുമാരുടേത് നിലപാരമില്ലാത്ത പ്രവൃത്തിയാണെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുട്ടികള്‍ക്ക് നേരെയുള്ള നഴ്‌സുമാരുടെ പ്രവൃത്തി നിഷ്ഠൂരമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. നഴ്‌സുമാരെ പുറത്താക്കിയ വാര്‍ത്തക്കൊപ്പം ആശുപത്രിലെ കമാന്‍ഡിങ് ഓഫീസര്‍ പ്രസ്താവന ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല