സ്വന്തം ലേഖകന്‍: ട്രംപിനു നേരെ നടുവിരല്‍ നമസ്‌കാരം, യുഎസ് വനിതയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. ജൂലി ബ്രിക്‌സ്മാന്‍ എന്ന വനിതയെയാണ് അക്കിമ എല്‍ എല്‍ സി കമ്പനി പിരിച്ചു വിട്ടത്. കമ്പനിയിലെ മാര്‍ക്കറ്റിങ് ഓഫീസറായിരുന്നു ജൂലി. ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ സൈക്കിളില്‍ പോവുകയായിരുന്ന ജൂലി വിരല്‍ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.
ട്രംപ് കടന്നുപോയപ്പോള്‍ എന്റെ ചോര തിളച്ചുവെന്നും അതിനാലാണ് അശ്ലീല ആംഗ്യം കാണിച്ചതെന്നും ജൂലി പറയുന്നു. അപ്പോള്‍ ജോലിയില്‍ ആയിരുന്നില്ല. പിന്നെ അവര്‍ എന്നെ എന്തിനാണ് തന്നെ പിരിച്ചുവിടുന്നത് എന്നറിയില്ല. ഇനിയും ഞാന്‍ അത് ചെയ്യുമെന്നും ജൂലി പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിനും സൈന്യത്തിനും വേണ്ടി ജോലി ചെയ്യുന്ന നിര്‍മാണ കമ്പനിയാണ് അക്കിമ എല്‍ എല്‍ സി.
ഒക്ടോബര്‍ 28 നായിരുന്നു സംഭവം. വൈറ്റ് ഹൗസില്‍നിന്ന് ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലേക്കുള്ള യാത്രയിലായിരുന്നു ട്രംപ്. എ എഫ് പിയുടെ വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിലോവ്‌സ്‌കിയാണ് അശ്ലീല ആംഗ്യം കാണിക്കുന്ന ജൂലിയുടെ ചിത്രം പകര്‍ത്തിയത്. ഫോട്ടോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായും ട്വിറ്ററില്‍ കവര്‍ ഫോട്ടോയായും ജൂലി ചിത്രം ഉപയോഗിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല