സ്വന്തം ലേഖകന്‍: ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി ബോട്ട് മുങ്ങി മെഡിറ്ററേനിയനില്‍ നൂറോളം പേരെ കാണാതായി. ലിബിയന്‍ തുറമുഖ നഗരമായ സബ്രതയില്‍ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട രണ്ട് ബോട്ടുകളാണ് മണിക്കൂറുകള്‍ കഴിഞ്ഞ് ദുരന്തത്തിനിരയായത്. കാണാതായവരില്‍ നവജാത ശിശുവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇറ്റാലിയന്‍ സേന ഒരു ബോട്ടിലെ 26 പേരെ രക്ഷപ്പെടുത്തി. ഇതിലുണ്ടായിരുന്ന അവശേഷിച്ച 84 പേരും മരിച്ചിരിക്കാമെന്നാണ് നിഗമനം. തീരെ അപകടാവസ്ഥയിലുള്ള ഭാഗികമായി തകര്‍ന്ന റബര്‍ ബോട്ടിലാണ് അഭയാര്‍ഥികളെ കടത്തിയിരുന്നതെന്ന് അന്താരാഷ്ട്ര പലായന സംഘടന (ഐ.ഒ.എം) വക്താവ് പറഞ്ഞു.
ആഴക്കടലിലത്തെിയതോടെ ബോട്ട് നെടുകെ പിളരുകയായിരുന്നു. 105 പേരുമായി പുറപ്പെട്ട സമാനമായ മറ്റൊരു ബോട്ട് തകര്‍ന്ന് 97 പേരെ കാണാതായി. എട്ടു പേരെ രക്ഷപ്പെടുത്തി. രണ്ടു മൃതദേഹങ്ങളും വീണ്ടെടുത്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് 500 ലേറെ പേരെ കാണാതായിരുന്നു. 41 പേര്‍ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.
ഈ വര്‍ഷം ഇതുവരെ മെഡിറ്ററേനിയന്‍ കടലില്‍ 1,360 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. 182,800 പേര്‍ സുരക്ഷിതമായി ഇറ്റാലിയന്‍ തീരം പിടിച്ചതായും യു.എന്‍ അഭയാര്‍ഥി സംഘടന പറയുന്നു. സംഘര്‍ഷഭരിതമായ സിറിയ, എരിത്രിയ എന്നീ രാജ്യക്കാരാണ് ലിബിയ വഴി യൂറോപ്പിലേക്ക് കടക്കുന്നവരിലേറെയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല