സ്വന്തം ലേഖകന്‍: പാരീസില്‍ അഭയാര്‍ഥി പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു, 2500 ഓളം അഭയാര്‍ഥികളെ പോലീസ് ബലമായി ഒഴിപ്പിച്ചു. നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് വളരെ മോശം സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന 2500 ഓളം അഭയാര്‍ഥികളെ പാരീസ് പൊലീസ് വീണ്ടും ഒഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 34 മത്തെ തവണയാണ് ഇവരെ ഒഴിപ്പിക്കുന്നത്. മേയ് ഒമ്പതിന് 1600 പേരെ ഇവിടെ നിന്ന് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. ആഴ്ച തോറും ഇരുനൂറിലേറെ അഭയാര്‍ഥികള്‍ പുതുതായി അഭയം തേടി ഇവിടെ എത്തുന്നുണ്ടെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ മുതല്‍ പാരിസിലെ പോര്‍ട്ട് ഡി ലാ ചാപ്പല്ലെക്കു ചുറ്റുമായി താവളമുറപ്പിച്ച അഭയാര്‍ഥികളെ പോലീസ് നീക്കം ചെയ്തിരുന്നു. ഇവരെ അറുപതോളം ബസുകളില്‍ കയറ്റി പാരീരിസിന്റെ പ്രാന്തത്തില്‍ തന്നെയുള്ള ചില സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അവധിക്കാലമായതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന സ്‌കൂള്‍ ജിംനേഷ്യങ്ങളിലാണ് ഇവരെ എത്തിച്ചതെന്നും സൂചനയുണ്ട്. അഭയാര്‍ഥികളെ ഒഴിപ്പിക്കാനുള്ള നടപടിയില്‍ സന്നദ്ധ സംഘങ്ങളും പൊലീസിനൊപ്പം സജീവമായി രംഗത്തുണ്ട്.
1600 ഓളം പേരെയാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍, അഭയാര്‍ഥികള്‍ അതില്‍ കൂടുതല്‍ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുപ്രസിദ്ധമായ കാലെ അഭയാര്‍ഥി ക്യാമ്പ് കഴിഞ്ഞ ഒക്‌ടോബറില്‍ അടച്ചുപൂട്ടിയതോടെയാണ് പാരീസിലേക്ക് അഭയാര്‍ഥികള്‍ ചേക്കേറിത്തുടങ്ങിയത്. അഭയാര്‍ഥികളുടെ തള്ളിക്കയറ്റം പാരീസില്‍ സുരക്ഷാ, ശുചിത്വ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും നഗരവാസികളും അഭയാര്‍ഥികളുമായി സംഘര്‍ഷം പതിവാകുന്നതുമായി റിപ്പോര്‍ട്ടുകളുണ്ട്. സിറിയ, അഫ്ഗാനിസ്ഥാന്‍, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല