സ്വന്തം ലേഖകന്‍: യൂറോപ്പിലേക്കുള്ള കുടിയേറ്റം അഥവാ നരകത്തിന്റെ മറ്റൊരു പേര്, അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ള സ്ത്രീകളുടെ ഞെട്ടിക്കുന്ന അനുഭവ കഥകള്‍. ‘നിങ്ങള്‍ക്കറിയില്ല, ആരെയും വിശ്വസിക്കാന്‍ ആവാത്ത ഞങ്ങളുടെ അവസ്ഥയെ കുറിച്ച്. ഞങ്ങളോ കുട്ടികളോ ഏതു നിമിഷവും എവിടെയും ആക്രമിക്കപ്പെടാം, തട്ടിക്കൊണ്ടുപ്പോവാം. അങ്ങനെയുള്ള എത്രയെത്ര കഥകള്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. എല്ലാവരും ഒന്നിച്ച് ഉറങ്ങില്ല. ഞങ്ങളുടെ കൂട്ടത്തിലെ ആരെങ്കിലും ഒരാള്‍ ഉറക്കമിളച്ച് കാവല്‍ ഇരിക്കുകയാണ് പതിവ്,’ 38 കാരിയായ സമേഹറിന്റെ വാക്കുകളാണിവ.
മൂന്നാഴ്ച മുമ്പ് കുഞ്ഞിനെയും കൊണ്ട് തന്റെ രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഇറാഖിലെ ബഗ്ദാദില്‍ പലായനം ചെയ്തതാണ് സമേഹര്‍. ഗ്രീക്ക്, മാസിഡോണിയ അതിര്‍ത്തിയിലെ ക്യാമ്പില്‍ സെര്‍ബിയയിലേക്കുള്ള ട്രെയിന്‍ പ്രതീക്ഷിച്ചു കഴിയുകയാണവര്‍.
‘ഞാന്‍ ആകെ തളര്‍ന്നിരിക്കുകയാണ്. ഉറക്കം വന്നാല്‍ പോലും എനിക്കതിനാവില്ല. എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് അപ്പോള്‍ തോന്നും ഡമസ്‌കസില്‍ നിന്നുള്ള മനാലിനൊപ്പം അവരുടെ രണ്ട് ചെറിയ പെണ്‍കുട്ടികള്‍ അടക്കം മൂന്നു മക്കള്‍ ഉണ്ട്. നാലാമത്തെ കുഞ്ഞാവട്ടെ അവരുടെ വയറ്റിലും. നിറവയറുമായാണ് റബ്ബറിന്റെ ചെറുബോട്ടില്‍ അവര്‍ മെഡിറ്ററേനിയന്‍ കടല്‍ താണ്ടിയത്. ദുരിതത്തിന്റെ മറ്റൊരു കരകണാകടല്‍ ആയിരുന്നു അത്. ഗര്‍ഭിണിയായിക്കെ ഇത്തരമൊരു യാത്ര എത്രമേല്‍ ക്ലേശകരമായിരിക്കുമെന്ന് പറയാന്‍ അവരില്‍ വാക്കുകള്‍ ഇല്ല. രണ്ടാഴ്ച തുടര്‍ച്ചയായി യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. അതിനിടയില്‍ അതിര്‍ത്തികളിലൂടെ അവര്‍ നടന്നു താണ്ടിയ കിലോമീറ്ററുകള്‍ക്ക് കണക്കില്ല,’ സമേഹര്‍ പറയുന്നു.
‘ഒരു പുരുഷന്റേതിനേക്കാള്‍ ഭീകരമാണ് ഒരു സ്ത്രീ അഭയാര്‍ത്ഥിയാകുമ്പോള്‍. ഒപ്പമുള്ള കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം. അതൊരിക്കലും അവസാനിക്കാത്ത ഒന്നാണ്. എന്നാല്‍, പുരുഷന്‍മാര്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക് സ്വന്തം കാര്യം ആലോചിച്ചാല്‍ മതി,’ തുര്‍ക്കിയിലൂടെ കൈക്കുഞ്ഞുമായി യാത്ര ചെയ്ത് ക്യാമ്പിലെത്തിയ 25 കാരിയായ നഈമ പറയുന്നു.
അഭയാര്‍ത്ഥി സ്ത്രീകള്‍ നേരിടുന്ന ഭീകരമായ അവസ്ഥകള്‍ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റേയും റിപോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഈ സ്ത്രീകളുടെ കൃത്യമായ കണക്കുകള്‍ ആരുടേയും പക്കലില്ല. യാത്രയില്‍ ഉടനീളം ഇവര്‍ക്കു നേരെ പലവിധ പകടങ്ങള്‍ പതിയിരിക്കുന്നു. സ്ത്രീകള്‍ കൊള്ളയടിക്കപ്പെടില്ല എന്ന ധാരണയില്‍ പുരുഷന്‍മാര്‍ പണം ഇവരെ ഏല്‍പിക്കുന്നു. എന്നാല്‍ ഇത് ഇവര്‍ക്കു നേരെയുള്ള അക്രമ സാധ്യത വര്‍ധിപ്പിക്കുന്നതായി ചെയ്യുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.
സിറിയയില്‍ നിന്നുള്ള ഒരു സ്ത്രീയെ കൊള്ളക്കാര്‍ തൊണ്ട കത്തികൊണ്ട് കീറിക്കളഞ്ഞത് ഭര്‍ത്താവിന്റെ കണ്മുന്നില്‍ വച്ചാണെന്ന് മറ്റൊരു സ്ത്രീ വിവരിക്കുന്നു. മനുഷ്യക്കടത്തുകാരാലും അക്രമികളാലും ക്രൂര ബലാല്‍സംഘത്തിന് ഇരകളാവുന്നവരുടെ എണ്ണത്തിനും കുറവില്ല. കുറഞ്ഞ കാശിന് അതിര്‍ത്തി കടത്തിക്കൊടുക്കുന്നതിന് പകരമായി ചിലര്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നത് ലൈംഗിക വേഴ്ചയാണ്.
പല അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും കിടക്കുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതും കുളിക്കുന്നതുമെല്ലാം ഒരേ സ്ഥലത്താണെന്നും ആംനസ്റ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ പലരും ഭക്ഷണം പോലും ഒഴിവാക്കിയാണ് ഇത്തരം ക്യാമ്പുകളില്‍ കഴിച്ചു കൂട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല