സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 3500 ലധികം അഭയാര്‍ഥികര്‍ നാട്ടുകാരുടെ ആക്രമണത്തിന് ഇരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ 50ഓളം പേര്‍ കുട്ടികളാണ്. പ്രതിദിനം പത്ത് ആക്രമണ സംഭവങ്ങളെങ്കിലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പൊലീസും സമ്മതിക്കുന്നു.
മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയ രാജ്യമാണ് ജര്‍മനി. ആഞ്ജല മെര്‍ക്കലിന്റെ അഭയാര്‍ത്ഥികളോടുള്ള തുറന്ന വാതില്‍ നയമാണ് ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിച്ചത്.ജര്‍മനിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് ഇടയാക്കുകയും ചെയ്തു. അടുത്ത കാലത്തായി രാജ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അഭയാര്‍ഥി അനുകൂല നയത്തിനെതിരെ രംഗത്തുവന്നിരുന്നു. അഭയാര്‍ഥികള്‍ക്കിടയില്‍ തീവ്രവാദികള്‍ കടന്നുകൂടിയെന്ന വാദം ഉന്നയിച്ചാണ് കുടിയേറ്റവിരുദ്ധ ആശയക്കാരായ ഈ പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ ബര്‍ലിനിലെ ക്രിസ്മസ് ചന്തയിലുണ്ടായ ഭീകരാക്രമണത്തിനുശേഷം ഈ വികാരം ശക്തമാവുകയും ചെയ്തു.
2014ല്‍ അഭയാര്‍ഥികള്‍ക്കുനേരെ 199 ആക്രമണസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം അത് 988 ലെത്തി. അതാണ് കുത്തനെ ഉയര്‍ന്ന് 3500 ല്‍ എത്തിയിരിക്കുന്നത്. 2015 ല്‍ മാത്രം എട്ടു ലക്ഷത്തിലധികം പേരാണ് ജര്‍മനിയില്‍ അഭയം തേടിയെത്തിയത്. യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയുമായി ഉണ്ടാക്കിയ അഭയാര്‍ഥി കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷം അത് രണ്ടര ലക്ഷമായി കുറഞ്ഞിരുന്നു. അതിനിടെ മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ സെല്‍ ഫോണ്‍ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള കരട് ബില്‍ തയ്യാറാക്കുന്ന തിരക്കിലാണ് ആഭ്യന്തര മന്ത്രാലയം.
സെല്‍ ഫോണ്‍ വിവരങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് ഇത്തരത്തിലുള്ള നിരീക്ഷണം എളുപ്പത്തിലാക്കാന്‍ പോകുന്നത്. അഭയാര്‍ഥികളെ നാടുകടത്തുന്ന പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കാനും ഇതാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. നിര്‍ദിഷ്ട അഭയാര്‍ഥിയുടെ അനുമതിയോടെ മാത്രമേ ഇപ്പോള്‍ ഫെഡറല്‍ ഓഫിസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസിന് (ബിഎഎംഎഫ്) അവരുടെ സെല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കൂ. നിയമ ഭേദഗതി വരുന്നതോടെ അനുമതിയില്ലാതെ തന്നെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല