സ്വന്തം ലേഖകന്‍: കുടിയേറ്റ ബോട്ട് ദുരന്തം വീണ്ടും, 100 മൃതദേഹങ്ങള്‍ ലിബിയയുടെ തീരത്തടിഞ്ഞു. യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടേതാണ് മൃതദേഹങ്ങളെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ ആദ്യം 85 മൃതദേഹങ്ങളും പിന്നീടു 10 മൃതദേഹങ്ങളും തീരത്തടിയുകയായിരുന്നു.
കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ തകര്‍ന്ന ആറു ബോട്ടുകളില്‍നിന്നായി 1800 പേരെ ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തി. സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഈ വര്‍ഷം ഇതുവരെ 557,899 അഭയാര്‍ഥികളാണു കടല്‍മാര്‍ഗം യൂറോപ്പിലെത്തിയത്. കടല്‍ കടക്കാനുള്ള ശ്രമത്തിനിടെ 2987 പേര്‍ മരിച്ചു.
അഭയാര്‍ഥികളുടെ പലായനം തടയാനായി സിറിയയില്‍ സുരക്ഷിതമായ ഒരു കേന്ദ്രം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയനോട് തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിപ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടു. സിറിയന്‍ പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ ചുമക്കുന്നതു തുര്‍ക്കിയാണെന്നും ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ എത്രയും വേഗം പുറത്താക്കണം. ഭരണകൂട ഭീകരതയാണ് അഭയാര്‍ഥിപ്രവാഹത്തിന്റെ അടിസ്ഥാനകാരണമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, അഭയാര്‍ഥികള്‍ കൂട്ടത്തോടെ എത്തുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതു തുര്‍ക്കി തന്നെയാണെന്നു യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്‌ക് പറഞ്ഞു. യൂറോപ്പിന്റെ അതിര്‍ത്തികള്‍ അടച്ചുകഴിഞ്ഞു. തുര്‍ക്കിയുടെ കാര്യം സ്വയം നോക്കണമെന്നും ടസ്‌ക് പറഞ്ഞു. യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രധാന ഇടത്താവളമാണു തുര്‍ക്കി. മനുഷ്യക്കടത്തുകാരുടെ വലിയ സംഘം തുര്‍ക്കി താവളമാക്കിയിട്ടുണ്ട്.
ജര്‍മനി അടക്കമുള്ള ഏതാനും രാജ്യങ്ങള്‍ അഭയാര്‍ഥികളെ ആദ്യഘട്ടത്തില്‍ സ്വാഗതം ചെയ്‌തെങ്കിലും അഭയാര്‍ഥിപ്രവാഹം വര്‍ധിച്ചതോടെ അവരും കവാടങ്ങള്‍ അടയ്ക്കുകയാണ്. ജര്‍മനിയിലെ ഡ്രെസ്ദനില്‍ കഴിഞ്ഞദിവസം കുടിയേറ്റവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകള്‍ അംഗല മെര്‍ക്കലിന്റെ കുടിയേറ്റ നയത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല