സ്വന്തം ലേഖകന്‍: 2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍. ഈ വര്‍ഷം 89 ദിവസം പിന്നിട്ടപ്പോള്‍ കര, കടല്‍ മാര്‍ഗം ഈ വര്‍ഷം യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 27,850 ആണെന്ന് ഏജസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
ഇവരില്‍ 23,125 ഓളം ആളുകള്‍ ഇറ്റലിയിലാണ് വന്നിറങ്ങിയതെന്നും ഏജന്‍സി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 165,697 ആളുകളായിരുന്നു യൂറോപ്പില്‍ എത്തിയത്. വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 595 ആളുകള്‍ യാത്രയ്ക്കിടെ മരിച്ചു. കഴിഞ്ഞവര്‍ഷം ഇതേസമയം 346 അഭയാര്‍ഥികളാണ് മരിച്ചത്.
അതിനിടെ മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 150 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 4000ല്‍ അധികം അഭയാര്‍ഥികള്‍ക്ക് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള യാത്രയില്‍ ജീവന്‍ നഷ്ടപ്പെട്ടെന്ന ഏജന്‍സി പുറത്തു വിട്ട അല്പ സമയത്തിനകമാണ് പുതിയ അപകട വാര്‍ത്ത എത്തിയത്.
ആറു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി എത്തിയവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞതായും യു.എന്‍ അഭയാര്‍ഥി ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവരില്‍ 30 ലക്ഷവും തുര്‍ക്കിയിലാണ് അഭയം തേടിയിരിക്കുന്നത്. ജോര്‍ഡനില്‍ 6.5 ലക്ഷം സിറിയക്കാരുണ്ടെന്നാണ് യു.എന്‍ കണക്ക്. എന്നാല്‍, ജോര്‍ഡന്‍ സര്‍ക്കാറിെന്റ കണക്കു പ്രകാരം രാജ്യത്ത് 13 ലക്ഷം സിറിയക്കാരുണ്ട്. ജര്‍മ്മനിയില്‍ 2.7 ലക്ഷം സിറിയക്കാരുണ്ട്.
അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കാണിച്ച വൈമനസ്യം പലായനം ചെയ്തവരുടെ ദുരന്തം ഇരട്ടിയാക്കിയതായി ഏജന്‍സി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തീവ്ര വലതുപക്ഷത്തിന് ഇപ്പോള്‍ മേഖലയില്‍ രാഷ്ട്രീയ മേല്‍ക്കൈ വന്നതിനാല്‍ ജര്‍മനി, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങി അഭയാര്‍ഥികളെ തിരിച്ചയക്കുകയാണ്. ഈ രണ്ട് രാജ്യങ്ങളില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ അഭയാര്‍ഥികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്ന് യുഎന്‍ ഓര്‍മിപ്പിച്ചു.
മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഗ്രീസ് പോലുള്ള രാജ്യങ്ങളിലെത്തിയ സിറിയക്കാരും അഭയാര്‍ഥിത്വത്തിനായി കാത്തിരിക്കുകയാണ്. റഷ്യയുടെയും അമേരിക്കയുടെയുമെല്ലാം വ്യോമാക്രമണം ശക്തമായതോടെ സിറിയയില്‍ കൂട്ടപ്പലായനമാണ് നടക്കുന്നത്. നിലവില്‍ 63 ലക്ഷം സിറിയക്കാര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിര്‍ത്തി കടന്ന് യൂറോപ്പിലെത്തിയവരില്‍ അര ശതമാനം പേരെ പോലും അഭയാര്‍ഥികളായി അംഗീകരിച്ചിട്ടില്ല. 12 ലക്ഷം സിറിയക്കാര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് എകദേശ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല