ഈ വാര്‍ത്തയോടൊപ്പം മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ ?ഏതെങ്കിലും ടൌണ്‍ സെന്ററില്‍ കണ്ട ഓര്‍മയുണ്ടെങ്കിലും ആരെന്ന് പറയാന്‍ കഴിയുന്നില്ല അല്ലേ.പോരാത്തതിന് ഇത്തരത്തിലുള്ള എത്ര പ്രതിമകളാണ് യു കെയില്‍ അങ്ങോളമിങ്ങോളം.ഇവരൊക്കെ ആരെന്ന് പഠിക്കാന്‍ ആര്‍ക്കാണിവിടെ സമയം എന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നുണ്ടാവും.എങ്കില്‍ ഒരു കാര്യം മനസിലാക്കുക,അടുത്ത ദിവസം മുതല്‍ ടൌണില്‍ ഇറങ്ങുമ്പോള്‍ ഒരു പേനയും പേപ്പറും കൈയ്യില്‍ കരുതുക.ഈ പ്രതിമകളുടെ അടിയില്‍ കൊത്തി വച്ചിരിക്കുന്ന കാര്യങ്ങള്‍ നോട്ട് ചെയ്യുക.മനസില്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഓര്‍ക്കുക,ഈ വിവരങ്ങള്‍ അറിയില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ബ്രിട്ടിഷ് പാസ്പോര്‍ട്ട് കിട്ടാനുള്ള സാധ്യതകള്‍ക്ക് തടസമായേക്കും.
ബ്രിട്ടനിലെ റോമന്‍ ഭരണത്തിന് അന്ത്യം കുറിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ബൗഡിക്ക രാജ്ഞിയുടേതാണ് മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം. യു കെ പാസ്പോര്‍ട്ട് കിട്ടാന്‍ AD 60 -ല്‍ മരിച്ച ബൗഡിക്ക രാജ്ഞിയുടെതു മുതല്‍ 1965 ല്‍ മരിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെത് വരെയുള്ള യു.കെയുടെ ചരിത്രം പഠിക്കണംഎന്നാണ് കുടിയേറ്റം നിയന്ത്രിക്കാനായി ഇന്നലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച പരിഷ്ക്കാരങ്ങളില്‍ ഒന്ന്..യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ കൂടുതല്‍ കഠിനമായ പരിഷ്ക്കാരങ്ങളുമായാണ് കൂട്ടുകക്ഷി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്
റോമന്‍ ബ്രിട്ടന്‍, ബൗഡിക്ക, നോര്‍മന്‍ കോണ്‍ക്വസ്റ്റ്, മാഗ്നാകാര്‍ട്ട ഉടമ്പടി, യുദ്ധങ്ങള്‍, എലിസബത്ത്-1, സിവില്‍ വാര്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍…തുടങ്ങി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച ചരിത്ര പരീക്ഷയുടെ ടോപ്പിക്കുകള്‍ ഏറെയാണ്.പുതിയ പരീക്ഷ ഘടന അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ പാര്‍ലമെന്റ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവില്ല. കുടിയേറ്റം വര്‍ദ്ധിക്കുന്നതില്‍ രാജ്യത്ത് ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടെന്നും കുറ്റവാളികള്‍ കടക്കുന്നത് തടയാനും അനിയന്ത്രിതമായ കുടിയേറ്റം അവസാനിപ്പിക്കാനുമാണ് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത് എന്നാണ് കാമറൂണ്‍ പറയുന്ന ന്യായം.
ഇപ്പോഴത്തെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ വെല്‍ഫെയര്‍ സംവിധാനത്തെ തകരാറില്‍ ആക്കിയതായി പ്രധാനമന്ത്രി പറയുന്നു. കുടിയേറ്റ നിയന്ത്രണത്തിന് സ്റ്റുഡെന്റ് വിസ, വര്‍ക്ക് വിസ, വിവാഹം എന്നിവയൊക്കെ നിയന്ത്രിക്കും. നിര്‍ബന്ധിത വിവാഹം നിരോധിക്കും. പല വിവാഹം കഴിച്ച് കുടുംബത്തെ കൊണ്ടുവരുന്ന കുടിയേറ്റക്കാരെ കര്‍ശനമായി നിരീക്ഷിക്കും.
വിസിറ്റ് വിസയില്‍ വന്നതിനു ശേഷം എന്‍ എച്ച് എസ് സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനെ കര്‍ശനമായി നിരോധിക്കും.ഇപ്രകാരം ഇപ്പോള്‍ ആയിരം പൗണ്ടില്‍ കൂടുതല്‍ ബാധ്യതയുള്ളവരെ തിരഞ്ഞു പിടിക്കും.ഇത്തരക്കാര്‍ക്ക് പുതിയ വിസ നല്‍കുകയോ ഉള്ള വിസ പുതുക്കി നല്‍കുകയോ ഇല്ല.വിസിറ്റ് വിസയില്‍ വരുന്നവര്‍ ആയിരക്കണക്കിന് പൌണ്ട് ബോണ്ട് നല്‍കേണ്ടി വരും.വിസിറ്റ് വിസക്കാര്‍ കാലാവധി കഴിഞ്ഞ് മുങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു പരിഷ്ക്കാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല