1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കാരണം ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനസംഖ്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലുണ്ടായ വര്‍ദ്ധനവ് നാല് മില്യണെന്ന് കണക്കുകള്‍. ഒരു നൂറ്റാണ്ടിനിടയ്ക്ക് ജനസംഖ്യയില്‍ ഇത്രകണ്ട് വര്‍ദ്ധനവ് ഉണ്ടാകുന്നത് ഇതാദ്യമാണന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1950കളിലും 60കളിലും ഉണ്ടായ ബേബി ബൂമിനേക്കാള്‍ കൂടുതല്‍ വേഗത്തിലാണ് ഇപ്പോള്‍ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യുദ്ധത്തിന് ശേഷമുളള 1950 -60 കാലഘട്ടത്തിലാണ് ബ്രിട്ടനിലെ ജനനനിരക്ക് ഏറ്റവും കൂടുതലായത്. ഇത് ഭാവിയിലെ സാമ്പത്തിക സാമൂഹ്യമുന്നേറ്റത്തിന് സഹായിക്കുമെന്നായിരുന്നു അന്ന് കരുതിയിരുന്നത്.

എന്നാല്‍ സ്ഥിതികൂടുതല്‍ വഷളായത് 1997ല്‍ കുടിയേറ്റത്തിനുളള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ലേബര്‍ ഗവണ്‍മെന്റ് തയ്യാറായതോടെയാണ്. കഴിഞ്ഞവര്‍ഷം പകുതിവരെയുള്ള ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനസംഖ്യയുടെ കണക്കാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

കണക്കുകള്‍ പ്രകാരം ജനസംഖ്യയില്‍ 3.8 മില്യണിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2001ലെ കണക്കുകള്‍ പ്രകാരം ഇവിടുത്തെ ജനസംഖ്യ 52.4 മില്യണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 56,170,900 ആണ്. മൊത്തം 7.3 ശതമാനത്തിന്റെ വര്‍ദ്ധനവ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനസംഖ്യയില്‍ 20 മില്യണിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2001നും 2011നും ഇടയ്്ക്കുണ്ടായ ജനസംഖ്യാ വര്‍ദ്ധനവ് ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണ്.

ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത് 1941നും 1951നും ഇടയിലാണ്. 38.7 മില്യണില്‍ നിന്ന് 43.8 മില്യണിലേക്കാണ് അന്ന് ജനസംഖ്യ കുതിച്ചുയര്‍ന്നത്. എന്നാല്‍ അത് ജനസംഖ്യയില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കിയില്ല. കാരണം 1941 ലെ യുദ്ധത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. ഒഎന്‍എസിന്റെ കണക്ക് അനുസരിച്ച് നാഷണല്‍ സെന്‍സസ് അവസാനിച്ച മാര്‍ച്ചിനും ജൂണിനും ഇടയിലുള്ള മൂന്ന് മാസത്തിനുള്ളില്‍ ജനസംഖ്യയില്‍ 95,000 പേരുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

മരണനിരക്കിനേക്കാള്‍ 66,600 പേരാണ് കൂടുതല്‍ ജനിച്ചിരിക്കുന്നത്. കൂടാതെ കുടിയേറ്റനിരക്ക് 28,400. രാജ്യത്തേക്ക് വരുന്നവരുടെ എണ്ണത്തില്‍ നിന്ന് പോകുന്നവരുടെ എണ്ണം കുറച്ചശേഷം കിട്ടുന്നതാണ് കുടിയേറ്റ നിരക്ക്. ഇത് മുന്‍പുള്ള മാസത്തേക്കാള്‍ അല്‍പ്പം കുറവാണ്.

യുകെയിലെ മൊത്തം ജനസംഖ്യ 63 മില്യണാണ്. 2027 ആകുമ്പോഴേക്കും ജനസംഖ്യ 70 മില്യണ്‍ ആകുമെന്ന ഭയം അസ്ഥാനത്താണന്ന് ഹോം സെക്രട്ടറി തെരേസാ മേയ് അഭിപ്രായപ്പെട്ടു. കുടിയേറ്റ നിരക്ക് കുറയ്ക്കുന്നതോടെ ജനസംഖ്യയില്‍ ഭീകരമായ ഒരു വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ആഭ്യന്തരമന്ത്രാലയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.