ബ്രിട്ടനില്‍ പഠിക്കാനുളള ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും നീക്കത്തിന് പിന്നില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുളള ആഗ്രഹമാണന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍. പലരും ബ്രിട്ടനിലേക്ക് കുടിയേറാനുളള പിന്‍വാതിലായാണ് സ്റ്റുഡന്റ് വിസയെ കാണുന്നതെന്നും ഇത്തരത്തില്‍ ഏതാണ്ട് 75000 പേരെങ്കിലും ഓരോ വര്‍ഷവും രാജ്യത്തേക്ക് കുടിയേറുന്നുണ്ടെന്നും കുടിയേറ്റത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ഒരു സംഘം പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഒരു മുതല്‍കൂട്ടാണെങ്കിലും നിലവിലെ സിസ്റ്റം ദുരുപയോഗം ചെയ്യാനുളള സാധ്യത വളരെ കൂടുതലാണന്ന് മൈഗ്രേഷന്‍ വാച്ച് യുകെ എന്ന സംഘടന ചൂണ്ടിക്കാട്ടി.
വിദേശവിദ്യാര്‍ത്ഥികളെ ശരിയായ രീതിയില്‍ ഇന്റര്‍വ്യൂ ചെയ്ത ശേഷമല്ല വിസ അനുവദിക്കുന്നത്. അതിനാല്‍ തന്നെ പഠിക്കാനുളള അവരുടെ ആവശ്യം യഥാര്‍ത്ഥമാണോയെന്ന് പരിശോധിച്ചറിയാനും സാധിക്കില്ല.ഗ്രാജ്വേഷന്‍ പൂര്‍ത്തിയായ ശേഷം എത്രപേര്‍ സ്വദേശത്തേക്ക് പോകുന്നുണ്ടെന്ന് അറിയാനുളള ഒരു സംവിധാനവും നിലവില്‍ ഗവണ്‍മെന്റിന്റെ പക്കലില്ല.
അടുത്തിടെ ബ്രിട്ടനിലെ 68 യൂണിവേഴ്‌സിറ്റികളിലെ തലവന്‍മാര്‍, വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുളള മന്ത്രിമാരുടെ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്നും രാജ്യത്തേക്കുളള പുതിയ വിദ്യാര്‍ഥികളുടെ ഒഴുക്കിനെ കാര്യമായി ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം നിലവില്‍ ഉളളതില്‍ നിന്ന് പത്തിലൊന്നായി കുറച്ചാലും ബ്രിട്ടന്റെ വിദേശവരുമാനത്തില്‍ 0.2 ശതമാനം കുറവേ ഉണ്ടാകുകയുളളുവെന്നാണ് മൈഗ്രേഷന്‍ വാച്ച് കണ്ടെത്തിയിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ ഒരു മുതല്‍ കൂട്ടാണെങ്കിലും നിലവിലുളള സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് മൈഗ്രേഷന്‍ വാച്ചിന്റെ ചെയര്‍മാന്‍ സര്‍ ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു. വിദേശികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ ബ്രിട്ടന്റെ മുഖ്യ എതിരാളികളായ രാജ്യങ്ങളെല്ലാം തന്നെ വിദ്യാര്‍ത്ഥികളുടെ ആവശ്യം സത്യസന്ധമാണോ എന്ന് പരിശോധിച്ച ശേഷമേ വിസ നല്‍കാറുളളു. പഠനം പൂര്‍ത്തിയായ ശേഷം ഇവര്‍ സ്വദേശത്തേക്ക് മടങ്ങിപ്പോയോ എന്നറിയാനുളള സംവിധാനം കൂടി ഇവര്‍ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം നാല് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരം വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇംഗ്ലണ്ട് വിസ നല്‍കിയത്. ഇതില്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുളള അഞ്ചിലൊന്ന് പേരും നിയമപരമായി രാജ്യത്ത് തുടരുന്നവരാണ്. എന്നാല്‍ ബാക്കിയുളളതില്‍ നല്ലൊരു ശതമാനം ആളുകളും അനധികൃതമായി രാജ്യത്ത് തുടരുന്നു. ഇത് മൂലം വര്‍ഷംതോറും ജനസംഖ്യയില്‍ 75,000 പേരാണ് കൂടുന്നത്.
പുതിയ കണക്കുകള്‍ പുറത്തു വന്നതോടെ സ്റ്റുഡന്റ് വിസ ചട്ടങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.വിദേശ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വന്നില്ലെങ്കില്‍ യൂണിവേഴ്സിറ്റികള്‍ പൂട്ടിപ്പോകുമെന്നും യു കെയുടെ സാമ്പത്തിക സ്ഥിതിയെ ഇത് ദോഷമായി ബാധിക്കുമെന്നുമുള്ള വാദമാണ് പുതിയ കണക്കുകള്‍ വന്നതോടെ പോളിഞ്ഞിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല