വാല്‍സാല്‍ : മിഡ്ലാന്‍ഡ്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ – മൈക്കയുടെ ക്രിസ്മസ്-പുതുവല്‍സരാഘോഷം പരിപാടികളുടെ വൈവിധ്യം കൊണ്ടും അവതരണ മികവു കൊണ്ടും.വേറിട്ടൊരനുഭവമായി. ജനുവരി 7ന് പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ സെക്രട്ടറി ഷിബു പോള്‍ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന്‍ ക്രിസ്മസിനെ ആസ്പദമാക്കി സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍,ഷൈനു കിടാരക്കുഴി എന്നിവര്‍ സംവിധാനവും കൊറിയോഗ്രാഫിയും നിര്‍വഹിച്ച് മൈക്കയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച തീം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.മൈക്കയുടെ ഡാന്‍സ് സ്കൂളില്‍ നിന്നുമുള്ള കുട്ടികളുടെ ആദ്യ ബാച്ചിന്റെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും പിന്നീട് അരങ്ങേറി .
പിന്നീടങ്ങോട്ട് നടന്ന നടനകലയുടെ ലാസ്യ ഭാവ താളങ്ങള്‍ സമന്യയിപ്പിച്ച നൃത്തങ്ങളും ഹാസ്യരസം നിറഞ്ഞു നിന്ന സ്കിറ്റുകളും ആലാപനത്തിന്‍റെ ആഴങ്ങള്‍ തേടിയ പാട്ടുകളും ആഘോഷങ്ങള്‍ വര്‍ണാഭമാക്കി.കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത ഓരോ പരിപാടിയും നിറഞ്ഞു കവിഞ്ഞ സദസിന്റെ കണ്ണിനും കാതിനും കുളിര്‍മയേകുന്നതായിരുന്നു.വൈകിട്ട് അഞ്ചര മുതല്‍ രാത്രി പതിനൊന്നു വരെ നീണ്ട ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് ആഘോഷത്തിന്‍റെ ഉത്സവരാവ് സമ്മാനിച്ചു.അവതാരകരായി ഷൈനോയും ഡോറിനും തിളങ്ങി.മൈക്കയുടെ യുവനിര അവതരിപ്പിച്ച തീം ആനുകാലിക പ്രസക്തവും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നതുമായിരുന്നു.
ആഘോഷ തിമിര്‍പ്പിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് രാത്രി പതിനൊന്നു മണിയോടെ ആഘോഷങ്ങള്‍ സമാപിച്ചു.പരിപാടിയുടെ ഇടവേളയില്‍ യുക്മ നാഷണല്‍ /റീജണല്‍ മേളകളില്‍ സമ്മാനങ്ങള്‍ നേടിയവരെ ആദരിക്കുകയും മൈക്ക പ്രസിഡന്‍റ് ബിജു അബ്രഹാം സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.മൈക്ക നടത്തിയ പുല്‍ക്കൂട് മല്‍സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ബിജു അമ്പൂക്കന്‍,ബിജു തോമസ്,സൈമണ്‍ ജോര്‍ജ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കപ്പെട്ടു.രുചികരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണവും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു.മൈക്ക വൈസ് പ്രസിഡന്റ് ടാന്സി പാലാട്ടി നന്ദി പ്രകടനം നടത്തി.ബിജു അബ്രഹാം,ഷിബു പോള്‍,ടാന്സി പാലാട്ടി,സാബു ജോസഫ്,മാത്യു മുളയിങ്കല്‍,ബിനു മാത്യു ,സന്തോഷ് തോമസ് ,ജേക്കബ് പുന്നൂസ്,ബിനോയ് ജോസഫ്,റാണി തോമസ്,സിന്ധു ദാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല