സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് വെള്ളിയാഴ്ച രാവിലെ ലൈവ് ടെലികാസ്റ്റില്‍ കൊറോണ വൈറസ് വാക്‌സീന്‍ സ്വീകരിച്ചു. വാക്‌സീനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കന്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഉദ്ദേശിച്ചാണ് ഇങ്ങനെ ചെയ്‌തെന്ന് പെന്‍സ് പറഞ്ഞു. വാള്‍ട്ടര്‍ റീഡ് നാഷനല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലെ ടെക്‌നീഷ്യന്‍ വാക്‌സീന്‍ നല്‍കിയതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് പെന്‍സ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.
വാക്‌സീന്‍ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹം നയിക്കുന്ന കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്ത പെന്‍സ് ‘ശരിക്കും പ്രചോദനാത്മക ദിനം’ എന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ‘ജാഗ്രത’ ഇപ്പോഴും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു, സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും അമേരിക്കക്കാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
പെന്‍സിന്റെ നടപടി മികച്ചതാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി എസ്. ഫൗചി പറഞ്ഞു. പെന്‍സിന്റെ ഭാര്യ കാരെന്‍ പെന്‍സിനും സര്‍ജന്‍ ജനറലായ ജെറോം ആഡംസിനും വെള്ളിയാഴ്ച രാവിലെ വാക്‌സീന്‍ ലഭിച്ചു. വാക്‌സീന്‍ ഡോസ് ലഭിച്ച ശേഷം ആഡംസ് ക്യാമറകളിലേക്ക് ഒരു തംബ്‌സ് അപ്പ് നല്‍കിയാണ് പ്രതികരിച്ചത്.
ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തില്‍ നടന്ന പരിപാടിയില്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്, സെന്റര്‍ ഫോര്‍ മെഡി കെയര്‍ ആന്റ് മെഡിക് സര്‍വീസസ് അഡ്മിനിസ്‌ട്രേറ്റര്‍ സീമ വര്‍മ എന്നിവര്‍ പങ്കെടുത്തു. നിയുക്ത പ്രസിഡന്റ് ബൈഡന്‍ അടുത്തയാഴ്ച പെന്‍സ് ചെയ്തതിനു സമാനമായി പരസ്യമായ കുത്തിവയ്പ്പ് എടുക്കും.
വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഭർത്താവും ഒരാഴ്ചക്ക് ശേഷമാകും കൊവിഡ് വാക്സിന്റെ അദ്യ ഡോസ് സ്വീകരിക്കുക. ജോ ബൈഡന്‍റെ പ്രസ് സെക്രട്ടറിയായി തെരഞ്ഞെടുക്കെപ്പട്ട ജെൻ സാക്കി വ്യക്തമാക്കിയതാണ് ഇക്കാര്യം. യു.എസ് വൈസ് പ്രസിഡന്‍റായ മൈക്ക് പെൻസും ഭാര്യയും കൂടാതെ, മുതിർന്ന ഉദ്യോഗസ്ഥരിലൊരാളായ നാൻസി പെലോസിയും വെള്ളിയാഴ്ച കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെയാണ് ജോ ബൈഡന്‍ വാക്സിൻ സ്വീകരിക്കുമെന്ന വിവരം പുറത്തുവന്നത്.
എന്നാല്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനിയും വാക്‌സീന്‍ സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ല. ദേശീയ മാധ്യമങ്ങള്‍ വലിയ വിശേഷമായി പെന്‍സിന്റെ നടപടികളെ കണ്ടപ്പോള്‍ ട്രംപ് അത് അവഗണിക്കുകയാണ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല