1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയ പൂര്‍ണ ആണവനിരായുധീകരണം നടത്തുന്നതുവരെ യുഎസ് ഉപരോധം പിന്‍വലിക്കില്ലെന്ന് മൈക്ക് പോംപിയോ; സമാധാന പ്രതീക്ഷകള്‍ മങ്ങുന്നു. ജപ്പാന്‍ വിദേശകാര്യമന്ത്രി താരോ കോനോയുമായും ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി കാങ് ക്യുങ്‌യുമായും ടോക്കിയോയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക നയത്തിനും വിദേശ നയത്തിനും കൊറിയ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്ന് ട്രംപിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നേരത്തെ അറിയിച്ചിരുന്നു.

ആണവ നിരായുധീകരണത്തിനുള്ള ചര്‍ച്ചകളില്‍ യുഎസ് പെരുമാറുന്നത് ഗുണ്ടാസംത്തിന്റെ മനോഭാവത്തോടെയാണെന്ന ഉത്തര കൊറിയയുടെ ആരോപണം നിഷേധിച്ച പോംപിയോ യുഎസിന്റെ നിര്‍ദേശം ഗുണ്ടാസംഘത്തിന്റേതു പോലെയാണെങ്കില്‍ ലോകം ഒരു ഗുണ്ടാസംഘമാണെന്ന് തിരിച്ചടിച്ചു. പോംപിയോയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഉത്തര കൊറിയ ആരോപണം ഉന്നയിച്ചത്. രണ്ടു ദിവസം നീണ്ട ചര്‍ച്ച നിരാശാജനകമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ കാണാതെയാണ് പോംപിയോ മടങ്ങിയത്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച പൂര്‍ണ വിജയമായിരുന്നു. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഗംഭീരമായിരുന്നു എന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തു.

ട്രംപും കിമ്മും ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടിയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം ചെയ്ത സമയത്തും ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നപ്പോഴും ഇരു നേതാക്കളും സന്തുഷ്ടരായിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.