സ്വന്തം ലേഖകന്‍: ഇറാനെതിരായ നടപടികള്‍ ശക്തിപ്പെടുത്താന്‍ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയില്‍. അടുത്തിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായ മൈക്ക് പോംപിയോ സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി.
മേഖലയില്‍ സ്വാധീനം ശക്തമാക്കുന്ന ഇറാനെ ഒറ്റപ്പെടുത്താന്‍ അറബിരാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത പോംപിയോ ചൂണ്ടിക്കാട്ടി. ഖത്തര്‍ പ്രതിസന്ധി ഇറാന്‍ മുതലെടുക്കുകയാണെന്നും അതിനാല്‍ സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണു പോംപിയോയുടെ സന്ദര്‍ശനം. ഇറാന്‍ അണ്വായുധം സ്വന്തമാക്കുന്നതു തടയുന്ന വിധത്തില്‍ കരാര്‍ പുതുക്കിയില്ലെങ്കില്‍ അമേരിക്ക കരാറില്‍നിന്നു പിന്മാറുമെന്നു പോംപിയോ സൗദി നേതൃത്വത്തെ അറിയിച്ചു.
ഇറാന്‍ തീവ്രവാദഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു, യെമനിലെ ഹൗതി വിമതര്‍ക്ക് ആയുധം നല്കുന്നു ആരോപണങ്ങള്‍ തുടര്‍ന്ന് സൗദി വിദേശകാര്യമന്ത്രി അബ്ദുള്‍ അല്‍ ജുബെയ്‌റുമായി നടത്തിയ പത്രസമ്മേളനത്തില്‍ പോംപിയോ ഉന്നയിച്ചു. തുടര്‍ന്ന് പോംപിയോ ഇസ്രയേലിലേക്കു പോയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല