സ്വന്തം ലേഖകന്‍: നിയന്ത്രണരേഖ കത്തുന്നു, 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സേന വധിച്ചത് 7 നുഴഞ്ഞു കയറ്റക്കാരെ, ശക്തമായി തിരിച്ചടിച്ച് സൈന്യം. നിയന്ത്രണരേഖയ്ക്കു സമീപം പാക് നുഴഞ്ഞുകയറ്റ ശ്രമത്തിനു അതിശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യം 48 മണിക്കൂറിനുള്ളില്‍ ഏഴു ഭീകരരെ വധിച്ചു, നാലു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വിഫലമാക്കിയതായും ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചതായും സേനാ വക്താവ് അറിയിച്ചു.
ഇന്നലെ മാത്രം മൂന്നു തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കശ്മീരിലെ കുപ്‌വാര മേഖലയിലാണ് നുഴഞ്ഞുകയറ്റവും ഏറ്റുമുട്ടലും രൂക്ഷം. ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ പാകിസ്താന്‍ സേനയുടെ പിന്തുണയോടെയാണ് ഇന്ത്യന്‍ ഭാഗത്തേക്കു കടക്കാന്‍ ശ്രമിച്ചത്. ഗുരെസ്, മാച്ചില്‍, നൗഗാം, ഉറി മേഖലകളിലും ഏറ്റുമുട്ടലുണ്ടായി. നൗഗാമില്‍ ബുധനാഴ്ച മൂന്നു പേരും മാച്ചിലില്‍ ബുധനാഴ്ച നാലു ഭീകരരും കൊല്ലപ്പെട്ടു.
ഇവരില്‍നിന്ന് വന്‍ ആയുധ ശേഖരം പിടികൂടിയതായി സേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഉറി സെക്ടറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗുരെസില്‍ സേനയുടെ ആക്രമണത്തില്‍ ഭീകരര്‍ പിന്തിരിഞ്ഞോടി. പാക് സേന വെടിയുതിര്‍ത്ത് കശ്മീര്‍ താഴ്‌വരയിലേക്കു പ്രവേശിക്കാന്‍ നുഴഞ്ഞു കയറ്റക്കാര്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതടക്കം നിയന്ത്രണരേഖയില്‍ മൂന്നു ദിവസത്തിനുള്ളില്‍ ആറോളം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കാണു സേന തടയിട്ടത്.
കഴിഞ്ഞ മേയ് 26 ന് ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ രണ്ടു പാകിസ്താനി ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്)അംഗങ്ങളെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. തൊട്ടടുത്തദിവസം ആറു ഭീകരര്‍ക്കാണു സേനയുടെ വെടിവയ്പില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നിയന്ത്രണരേഖയില്‍ ഈവര്‍ഷം ഇതുവരെ 22 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും 34 ആയുധധാരികളായ ഭീകരരെ വധിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ കമാന്‍ഡ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല