1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2017

സ്വന്തം ലേഖകന്‍: പാകിസ്താന് എന്നും ഗുണം ചെയ്തിട്ടുള്ളത് സൈനിക ഭരണമാണെന്ന് പര്‍വേസ് മുഷറഫ്, ജനാധിപത്യ സര്‍ക്കാരുകള്‍ വികസനം മുരടിപ്പിച്ചതായും വിമര്‍ശനം. പുരോഗതിയിലേക്ക് കുതിക്കാന്‍ പാകിസ്താന് ഏറ്റവും അനുയോജ്യമായത് സൈനികഭരണകൂടമാണെന്നും ജനാധിപത്യസര്‍ക്കാര്‍ രാജ്യത്തെ എന്നും പിന്നോട്ടടിപ്പിച്ചിട്ടേ ഉള്ളൂവെന്നും മുന്‍ സൈനിക ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫ് വ്യക്തമാക്കി. ദുബൈയില്‍ ബി.ബി.ബി ഉര്‍ദുചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ പരാമര്‍ശങ്ങള്‍.

അഴിമതിക്കേസില്‍ നവാസ് ശരീഫ് രാജിവെച്ചതിനുപിന്നാലെ പാകിസ്താനിലേക്ക് മടങ്ങിയെത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി. ചികിത്സ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കകം പാകിസ്താനിലേക്കു മടങ്ങാനാണ് ഉദ്ദേശിക്കുന്നത്.മുന്‍ സൈനികമേധാവികളായ ഫീല്‍ഡ് മാര്‍ഷല്‍ അയ്യൂബ് ഖാനെയും ജനറല്‍ സിയാവുല്‍ ഹഖിനെയും പുകഴ്ത്താനും അദ്ദേഹം മറന്നില്ല. അയ്യൂബ്ഖാന്‍ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത തരത്തില്‍ നേട്ടങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പാകിസ്താനെ തകര്‍ച്ചയിലേക്കു തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം ഭുട്ടോ സര്‍ക്കാറിനാണ്. അതേസമയം, സിയയുടെ ചില നയങ്ങള്‍ ഭീകരവാദത്തിന് സഹായകമായെന്നും അദ്ദേഹം സമ്മതിച്ചു.

ഏകാധിപതികള്‍ക്കാണ് രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ കഴിയുക. ജനാധിപത്യസര്‍ക്കാര്‍ പാളംതെറ്റി ഓടിക്കൊണ്ടിരിക്കയാണ്. ഏഷ്യന്‍ രാജ്യങ്ങളുടെ സ്ഥിതി നോക്കൂ. ഏകാധിപത്യ ഭരണമായതുകൊണ്ടാണ് അവിടെ വികസനം നടക്കുന്നത്. രാജ്യത്ത് പുരോഗതിയിലേക്കു നയിക്കുന്ന സൈനികഭരണകൂടമാണോ അതോ ജനാധിപത്യ സര്‍ക്കാറാണോ വേണ്ടത് എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്. രാജ്യത്തെ രക്ഷിക്കണമെന്ന പാക് ജനതയുടെ ആവശ്യപ്രകാരമാണ് 1999 ല്‍ നവാസ് ശരീഫ് സര്‍ക്കാറിനെ അട്ടിമറിച്ചതെന്നും മുഷ്രഫ് വ്യക്തമാക്കി.

1998 ലാണ് മുഷറഫ് സൈനിക മേധാവിയായത്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഭരണകൂടത്തെ അട്ടിമറിച്ചു. പിന്നീട് 2001 മുതല്‍ 2008 വരെ പാക്കിസ്ഥാന്‍ പ്രസിഡന്റായി. ഇപ്പോള്‍ ദുബായിലാണ് താമസം. 2007ല്‍ പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കേസില്‍ വിചാരണ നേരിടുകയാണ് മുഷറഫ്. പാനമ കേസില്‍ നവാസ് ശരീഫിന് അയോഗ്യത പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയെ ചരിത്രപരമെന്നായിരുന്നു മുഷറഫ് വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.