സ്വന്തം ലേഖകന്‍: ‘മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്’ ന്റെ പിടിയില്‍പ്പെട്ട് തണുത്ത് വിറച്ച് ബ്രിട്ടന്‍; താപനില മൈനസ് 8 ഡിഗ്രിവരെ താഴുമെന്ന് മുന്നറിയിപ്പ്. സൈബീരിയയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇംഗ്ലണ്ടും, സ്‌കോട്ട്‌ലണ്ടും ആഴ്ചാവസാനം മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. രാത്രികാലങ്ങളില്‍ താപനില 8ലേക്ക് താഴുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയാണ് ഇംഗ്ലണ്ടില്‍ മഞ്ഞ് വീഴ്ച ശക്തി പ്രാപിക്കുക.
രാത്രികാലങ്ങളില്‍ മരംകോച്ചുന്ന തണുപ്പിലേക്ക് വീണ ശേഷം പകല്‍ സമയങ്ങളിലും തണുപ്പ് വിട്ടുമാറാത്ത അവസ്ഥയാണ് സംജാതമാകുന്നത്. രാജ്യത്ത് ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. എട്ട് ഇഞ്ച് മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌കോട്ട്‌ലണ്ടില്‍ മഞ്ഞ് വീണുതുടങ്ങിയപ്പോള്‍ ഇംഗ്ലണ്ടില്‍ രാത്രിയോടെയാകും മഞ്ഞിന്റെ വരവ്.
അടുത്ത മൂന്ന് ദിവസത്തേക്ക് 11 യെല്ലോ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് ബ്രിട്ടനിലെ വിവിധ ഭാഗങ്ങള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ മഞ്ഞും, ഐസുമാണ് ഇവയില്‍ ഉള്‍പ്പെടുന്നത്. നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലാണ് 70 എംപിഎച്ച് വേഗതയിലുള്ള കാറ്റ് വീശിയടിക്കുക.
മഞ്ഞുവീഴ്ച മൂലം റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടാനും, വൈദ്യുതിബന്ധം തടസ്സപ്പെടാനും, ജനങ്ങളുടെ ജീവനും സ്വത്തിനും അപകടവും വരുത്തിവെച്ചേക്കാം. മോശം കാലാവസ്ഥ മുന്നില്‍ കണ്ട് ഒരുങ്ങിയിരിക്കാനാണ് ഉപദേശം. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് 25 വര്‍ഷക്കാലത്തിനിടെ ഏറ്റവും മോശം കാലാവസ്ഥ സമ്മാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മഞ്ഞിന്റെ മടങ്ങിവരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല