1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2015

സ്വന്തം ലേഖകന്‍: മിനി സ്‌കര്‍ട്ട് ധരിച്ച് പരീക്ഷക്കെത്തിയ ഒരു പെണ്‍കുട്ടിയെ വിലക്കിയതെ അള്‍ജീരിയയിലെ ഒരു യൂണിവേഴ്‌സിറ്റി ഡീനിന് ഓര്‍മയുള്ളു. പിന്നെ കാണുന്നത് ലെഗ് സെല്‍ഫികളുടെ ഒരു പ്രളയമാണ്. നഗ്‌നമായ സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പരസ്യമാക്കിക്കൊണ്ട് പെണ്‍കുട്ടികള്‍ ഡീനിന്റെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ലെഗ് സെല്‍ഫിക്കാരെ കൊണ്ട് വലഞ്ഞിരിക്കുകയാണ് ഡീനും മറ്റ് അള്‍ജീരിയക്കാരും.

യൂണിവേഴ്‌സിറ്റി ഓഫ് അള്‍ജിയേഴ്‌സിലെ നിയമ വിഭാഗത്തില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനിയെയാണ് ഡീന്‍ വിലക്കിയത്. ഫാക്കള്‍ട്ടിയുടെ നിയമം അനുസരിച്ച് വിദ്യാര്‍ഥികള്‍ മാന്യമായ വസ്ത്രം ധരിച്ചെത്തണം. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതെന്നാണ് ഡീനിന്റെ നിലപാട്.

എന്നാല്‍, ഡീനിന്റെ നടപടി മൂലം അപമാനിതയായ വിദ്യാര്‍ഥിനിയുടെ കൂട്ടുകാരികള്‍ വെറുതെയിരുന്നില്ല. പെണ്‍കുട്ടിയുടെ സുഹൃത്തായ സോഫിയ ജാമ ഉടനെ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. എന്റെ മാന്യത നിശ്ചയിക്കുന്നത് എന്റെ ഉടുപ്പിന്റെ നീളമല്ലെന്ന് പേരിട്ട് നഗ്‌നമായ സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.

വേദന നിറഞ്ഞതായിരുന്നു എന്റെ സുഹൃത്തിന്റെ അനുഭവം. അപമാനിക്കപ്പെട്ട അവള്‍ തനിച്ചല്ല. ഇത്തരം അനുഭവങ്ങള്‍ ഇതിന് മുന്‍പും നിരവധി സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇതിന് അറുതി വരുത്തിയേ തീരൂവെന്നും ജാമ ഫേസ്ബുക്കില്‍ കുറിച്ചു.

പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചും അള്‍ജീരിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രെസ് കോഡിനെതിരെയും കുഞ്ഞുടുപ്പുകള്‍ക്കുള്ള നിരോധനങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കുന്ന ലെഗ് സെല്‍ഫികളുടെ പ്രവാഹമായിരുന്നു പിന്നീട്. കിടപ്പുമുറിയിലും കടപ്പുറത്തും കഫേകളിലും നിന്നുമെല്ലാം പകര്‍ത്തിയ ആയിരക്കണക്കിന് സെല്‍ഫികളാണ് പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.