സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള നീക്കത്തിന് യുഎസ് പ്രതിനിധി സഭാകമ്മിറ്റിയുടെ അംഗീകാരം. 60,000 ഡോളറില്‍ (39,00,000 രൂപ) നിന്ന് 90,000 ഡോളറായാണ് (58,50,000 രൂപ) ശമ്പള പരിധി ഉയര്‍ത്തുന്നത്. കൂടാതെ വിസയില്‍ കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവരാനും നിര്‍ദേശമുണ്ട്. ദ പ്രൊട്ടക്ട് ആന്‍ഡ് ഗ്രോ അമേരിക്കന്‍ ജോബ്‌സ് ആക്ട് ബുധനാഴ്ചയാണ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി പാസാക്കിയത്.
യു.എസ് കോടതി ബൗദ്ധികസ്വത്ത് ഇന്റര്‍നെറ്റ് സബ്കമ്മിറ്റി ചെയര്‍മാന്‍ ഡാരെല്‍ ഇസ്സയാണ് ബില്‍ അവതരിപ്പിച്ചത്. സെനറ്റിലും പാസായശേഷമാവും പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കുക. കുടിയേറ്റ വിഷയത്തില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എച്ച്‌വണ്‍ ബി വിസക്കാരുടെ കുറഞ്ഞ ശമ്പളം വര്‍ധിപ്പിക്കാനുള്ള നിയമം കൊണ്ടുവരാനുള്ള നീക്കം ഭരണകൂടത്തിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
എച്ച്‌വണ്‍ ബി വിസയില്‍ ജോലിക്കാരെ നിയമിക്കുന്ന കമ്പനികള്‍ തദ്ദേശീയര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ തട്ടിയെടുക്കുന്നത് തടയാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇതില്‍ യാതൊരുതരത്തിലുള്ള ഇളവുകളും നല്‍കില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. കുറഞ്ഞശമ്പളത്തിന് വിദേശീയരെ നിയമിക്കുന്നതില്‍നിന്ന് തൊഴില്‍ദാതാക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള നീക്കമായും എച്ച്‌വണ്‍ ബി വിസക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന് കരുതപ്പെടുന്നു.
എച്ച്‌വണ്‍ ബി വിസയുടെ ദുരുപയോഗം തടയാനും തദ്ദേശീയര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്ന അവസരം ഇല്ലാതാക്കാനുമുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ടെന്ന് ബില്ലവതരിപ്പിച്ച ഡാരെന്‍ ഇസ്സ അഭിപ്രായപ്പെട്ടു. വിദേശത്തുനിന്നുള്ളവര്‍ക്ക് യു.എസില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് എച്ച് വണ്‍ ബി. ഇന്ത്യയില്‍ നിന്നുള്ള കംപ്യൂട്ടര്‍ വിദഗ്ധര്‍ കൂടുതലും ഈ വിസയിലാണ് യു.എസില്‍ ജോലിചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല