സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പള വര്‍ധനക്ക് മിനിമം വേജസ് കമ്മിറ്റിയുടെ അംഗീകാരം. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് മിനിമം വേതന സമിതി അംഗീകരിച്ചു. ജൂലൈ 20 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാ നപ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ലേബര്‍ കമീഷണര്‍ കെ. ബിജു യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
എന്നാല്‍, ആശുപത്രി മാനേജ്‌മെന്റുകള്‍ ശുപാര്‍ശകളെ എതിര്‍ത്തു. ഷിഫ്റ്റ് സമ്പ്രദായം, ശമ്പള വര്‍ധന, ട്രെയിനിങ് സമ്പ്രദായം എന്നിവയിലും അവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. വിയോജനക്കുറിപ്പ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാകും ലേബര്‍ കമീഷണര്‍ തൊഴില്‍ സെക്രട്ടറിക്ക് കൈമാറുക. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം തൊഴില്‍ വകുപ്പ് ഇനി കരട് വിജ്ഞാപനം തയാറാക്കും. ആക്ഷേപമുള്ളവര്‍ക്ക് അത് അറിയിക്കുന്നതിനുള്ള അവസരവും ലഭിക്കും.
വീണ്ടും ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കുക. ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ധന നടപ്പാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. കിടക്കകളുടെ എണ്ണമനുസരിച്ച് 20,000 രൂപ മുതല്‍ 35,000 രൂപവരെയാണ് നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിക്കുക. നഴ്‌സുമാര്‍ക്ക് പുറമെ ജീവനക്കാര്‍ക്ക് 16,000 രൂപ മുതല്‍ 27,000 രൂപ വരെയും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല