യുകെയിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കാത്ത സ്ഥാപനങ്ങളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു. കെയര്‍, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിന്നുള്ള കമ്പനികളുടെ പട്ടികയാണ് പുറത്തു വിട്ടത്.
നിലവില്‍ മിനിമം വേതനം നല്‍കാതെ ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്ന 162 കമ്പനികളെ കണ്ടെത്തിയിട്ടുണ്ടെന്ന് തൊഴില്‍കാര്യ മന്ത്രി ജോ സ്വിന്‍സണ്‍ പറഞ്ഞു. എതില്‍ ഏറ്റവും മുകള്‍ സ്ഥാനത്തുള്ള 70 കമ്പനികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ളത്. ബാക്കി കമ്പനികളുടെ വിവരങ്ങളും ഉടന്‍ തന്നെ പുറത്ത് വിടുമെന്ന് മന്ത്രി അറിയിച്ചു.
വിദ്യാര്‍ഥി വിസയില്‍ യുകെയിലെത്തി ജോലി അന്വേഷിക്കുന്നവരും എന്‍.എം.സി രജിസ്‌റ്റ്രേഷന്‍ ലഭിക്കാതെ കെയര്‍ ഹോമുകളില്‍ അഡാപ്‌റ്റേഷന്‍ സമ്പ്രദായപ്രകാരം ജോലി ചെയ്യേണ്ടി വരുന്നവരുമാണ് ഇത്തരം കമ്പനികളുടെ പ്രധാന ഇരകള്‍. കെയര്‍ ഹോമുകളിലും റസ്റ്റോറന്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പാര്‍ട്ട് ടൈം ജോലികള്‍ ലഭിക്കാന്‍ എളുപ്പമാണ് എന്നതാണ് തൊഴിലന്വേഷകരെ ഇത്തരം സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.
പ്രായപൂര്‍ത്തിയായ ഒരു തൊഴിലാളിക്ക് ഒരു മണിക്കൂറിന് 6.50 പൗണ്ടാണ് കുറഞ്ഞ കൂലി. 18 നും 20 നും ഇടയില്‍ പ്രായമുള്ള തൊഴിലാളിയാണെങ്കില്‍ മണിക്കൂറിന് 5.13 പൗണ്ട് നല്‍കണം. 16 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് മണിക്കൂറില്‍ 3.79 പൗണ്ടും അപ്രണ്ടീസുമാര്‍ക്ക് മണിക്കൂറില്‍ 2.73 പൗണ്ടുമാണ് സര്‍ക്കാര്‍ നിജപ്പെടുത്തിയ മിനിമം ശമ്പള നിരക്ക്.
മിനിമം വേതനം നല്‍കാതെ ജോലി ചെയ്യിക്കുന്നത് 20,000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മന്ത്രി ജോ സ്വിന്‍സണു പുറമെ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് മന്ത്രി നോര്‍മന്‍ ലാംബും മിനിമം വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ രംഗത്ത എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല