സ്വന്തം ലേഖകന്‍: മിനിമം വേതനത്തിന്റെ കാര്യത്തില്‍ സമവായമായില്ല, അനിശ്ചിതകാല സമരവുമായി കേരളത്തിലെ നഴ്സുമാര്‍. സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ലേബര്‍ കമീഷണര്‍ കെ. ബിജുവിന്റെ നേതൃത്വത്തിലുളള സമിതിയാണ് ചൊവ്വാഴ്ച അസോസിയേഷനുകളുമായി ചര്‍ച്ചനടത്തിയത്.
എന്നാല്‍ മിനിമം വേതനം നടപ്പിലാക്കണമെന്ന നേഴ്സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായില്ല. അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം വര്‍ധന നഴ്സുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ 35 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന അനുവദിക്കാനാകില്ലെന്ന മാനേജ്മെന്റുകള്‍ നിലപാട് എടുത്തതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
അതോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്തവിധമാണ് സമരം. മിനിമം വേതനം നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത പക്ഷം സംസ്ഥാന വ്യപകമായി നഴ്സുമാര്‍ പണിമുടക്ക് സമരം ആരംഭിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.
സര്‍ക്കാര്‍ യോഗം ചേരുന്നതുവരെ ഈ മേഖലയില്‍ പ്രക്ഷോഭങ്ങളോ സമരങ്ങളോ ഉണ്ടാകുകയില്ലെന്ന് സമിതി ചെയര്മാന് കൂടിയായ ലേബര്‍ കമ്മീഷണര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുംവരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) ഭാരവാഹികള്‍ പിന്നീട് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല