![](https://www.nrimalayalee.com/wp-content/uploads/2022/05/Minister-V-Muraleedharan-Qatar-Visit-.jpg)
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനം ചൊവ്വാഴ്ച പൂർത്തിയാവും. ഞായറാഴ്ച ദോഹയിലെത്തിയ മന്ത്രി കൂടിക്കാഴ്ചകളിലും വിവിധ പരിപാടികളിലും പങ്കെടുത്താണ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നത്.
തിങ്കളാഴ്ച ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്ത അദ്ദേഹം, ഖത്തറിലെ അപെക്സ് സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വൈകീട്ട് വക്റയിൽ ഖത്തർ തമിഴർ സംഘ നേതൃത്വത്തിൽ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചു. തുടർന്ന് രാത്രിയോടെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐ.സി.ബി.എഫ് സംഘടിപ്പിച്ച തൊഴിലാളി ദിന പരിപാടിയിലും മുഖ്യാതിഥിയായി പങ്കെടുത്തു.
ഖത്തറിന്റെ സാംസ്കാരിക സൂക്ഷിപ്പുകേന്ദ്രമായ നാഷനൽ മ്യൂസിയവും മന്ത്രി സന്ദർശിച്ചു. ചൊവ്വാഴ്ച ഖത്തർ ലോകകപ്പിന്റെ വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയം മന്ത്രി സന്ദർശിക്കും. മന്ത്രിയെന്ന നിലയിലെ ഖത്തറിലേക്കുള്ള ഔദ്യോഗിക സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ഖത്തറും ഇന്ത്യയും തമ്മിൽ ശക്തമായ സൗഹൃദമാണ് നിലവിലുള്ളത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറും സന്ദർശിച്ചിരുന്നു. വ്യാപാരി, വാണിജ്യ, നിക്ഷേപ, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണ് തുടരുന്നത്.
അവ കൂടുതൽ ശക്തമാക്കാൻ സന്ദർശനത്തിലൂടെ കഴിഞ്ഞു. ഔദ്യോഗിക സന്ദർശനഭാഗമായി ഖത്തറിലെ വിവിധ തലങ്ങളിലുള്ള ഇന്ത്യൻ സമൂഹവുമായി സംസാരിക്കാനും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അറിയാനും കഴിഞ്ഞു. ഇവക്ക് പരിഹാരം കാണാൻ ശ്രമിക്കും. ഖത്തർ വിദേശകാര്യ വകുപ്പ് സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി’ -മന്ത്രി പറഞ്ഞു.
ഇന്ത്യക്കും ഖത്തറിനുമിടയിൽ നിലവിൽ 207 സർവിസുകളാണുള്ളത്. എയർലൈൻ കമ്പനികളുടെ പരിമിതികൾക്കുള്ളിൽനിന്ന് പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായത് ചെയ്യുമെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ന്നുദിന ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ എംബസി അപെക്സ് സംഘടന ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) അംഗങ്ങളുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെയും തൊഴിലാളികളുടെയും വിവിധ ആവശ്യങ്ങൾ കമ്യൂണിറ്റി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. അംബാസഡർ ഡോ. ദീപക് മിത്തൽ, വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി വിപുൽ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ആഞ്ജലീന പ്രേമലത, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇന്ത്യ-ഖത്തർ സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അഭ്യർഥിച്ചതായി
ഐ.ബി.പി.സി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കുശേഷം മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രധാന കേന്ദ്രമായ ഐ.സി.സിക്ക് സ്വന്തം കെട്ടിടം നിർമിക്കാനുള്ള ഭൂമി ലഭ്യമാക്കാൻ ഇടപെടണമെന്ന് ഇന്ത്യൻ കൾചറൽ സെന്റർ പ്രതിനിധികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 30 വർഷത്തെ സേവനങ്ങൾ വിലയിരുത്തി സ്വന്തമായി ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രസിഡന്റ് പി.എൻ. ബാബുരാജൻ പറഞ്ഞു. ഓൺ അറൈവൽ, ഫാമിലി വിസ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനും കുട്ടികളുടെ സ്കോളർഷിപ് അനുവദിക്കൽ എന്നീ കാര്യങ്ങളും വിവിധ സംഘടന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കോവിഡാനന്തര കാലത്ത് ഇന്ത്യയിൽ നിന്നെത്തി പൊതുജനങ്ങളുമായി സംവദിക്കുന്ന ആദ്യ മന്ത്രിയെന്ന നിലയിൽ തങ്ങളുടെ പരാതികളും ആവശ്യങ്ങളുമായി ഏറെ പേരാണ് മന്ത്രിയെ സന്ദർശിച്ചത്.
തിങ്കളാഴ്ച ഐ.സി.സി ഹാളിൽ നടന്ന പൗരസ്വീകരണ ചടങ്ങിൽ വിവിധ സംഘടനകളും വ്യക്തികളും മന്ത്രിക്ക് നിവേദനം നൽകി. ഇതിനു പുറമെ, അപെക്സ് സംഘടനാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലും മത്സ്യത്തൊഴിലാളികളുടെ പരിപാടിയിലും, തൊഴിലാളി ദിനാഘോഷ പരിപാടികളിലുമായി വിവിധ മേഖലകളിലുള്ളവരുമായാണ് മന്ത്രി സംവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല