1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2015

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് വിവാദങ്ങള്‍ കൊണ്ട് ഭരിക്കാന്‍ സമയമില്ലെങ്കിലും മന്ത്രിമാരുടെ വിദേശ യാത്രക്ക് കുറവില്ല. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മന്ത്രിമാര്‍ വിദേശ യാത്രക്കായി പൊടിച്ചത് 40 ലക്ഷം രൂപ.

ധനമന്ത്രി കെഎം മാണി നിയമസഭയെ അറിയിച്ച കണക്കാണിത്. ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് തൊഴില്‍ മന്ത്രിയായ ഷിബു ബേബി ജോണാണ്. 9,92,901 രൂപ. 7, 03,299 രൂപ ചെലവാക്കിയ പി ജെ ജോസഫാണ് രണ്ടാം സ്ഥാനത്ത്.

എ.പി. അനില്‍കുമാര്‍ 6,53,727 രൂപ ചെലവാക്കി. ഏറ്റവും കുറവു ചെലവാക്കിയത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ്, 74,007 രൂപ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ചെലവായത് 89,062 രൂപയാണ്.

കെ.ബി. ഗണേഷ് കുമാര്‍ 1,48,813 രൂപയും ടി.എം. ജേക്കബ് 3,99,352 രൂപയും യാത്രക്കായി ചെലവഴിച്ചു. കെ.സി. ജോസഫ് 96,055 രൂപ, കെ.എം. മാണി 2,81,821 രൂപ, അനൂപ് ജേക്കബ് 2,23,230 രൂപ, രമേശ് ചെന്നിത്തല 3,71,360 രൂപ എന്നിങ്ങനെയാണ് മറ്റു മന്ത്രിമാരുടെ കണക്ക്.

മന്ത്രിമാരുടെ യാത്രാ ടിക്കറ്റിന് ചെലവായ കണക്ക് മാത്രമാണിത്. യാത്രയുടെ മൊത്തം ചെലവ് ഇതിനേക്കാള്‍ എത്രയോ അധികം വരും. കഴിഞ്ഞ നാലു വര്‍ഷമായി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കുതിക്കുന്ന സര്‍ക്കാരിന് ഇത്രയും വിദേശ യാത്രകള്‍ കൊണ്ട് എന്തു പ്രയോജനമാണ് ലഭിച്ചത് എന്ന ചോദ്യം അവശേഷിക്കുന്നു.

സോളാര്‍ വിവാദം, ദേശീയ ഗെയിംസ് അഴിമതി, ബാര്‍ കോഴ വിവാദം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാല്‍ സമ്പന്നമായിരുന്നു ഈ സര്‍ക്കാരിന്റെ ഭരണകാലം. ഈ സാഹചര്യത്തിലാണ് പ്രത്യേകിച്ച് ഭരണനേട്ടമൊന്നും എടുത്തു കാണിക്കാനില്ലാത്ത മന്ത്രിമാര്‍ പോലും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വിദേശയാത്ര നടത്തിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.