സ്വന്തം ലേഖകന്‍: എട്ടു മാസത്തിനിടെ ഏഴ് മന്ത്രിമാരുടെ രാജി; ബ്രിട്ടനില്‍ തെരേസാ മേയ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. ഫസ്റ്റ് സെക്രട്ടറി ഡാമിയന്‍ ഗ്രീന്‍, പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാലന്‍, വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവീസ്, ആഭ്യന്തര മന്ത്രി അംബര്‍ റൂഡ്, രാജ്യാന്തര വികസന മന്ത്രി ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ എന്നിവരാണ് രാജിവച്ച ക്യാബിനറ്റ് മന്ത്രിമാര്‍.
ഇവര്‍ക്കു പുറമേ രണ്ട് ജൂനിയര്‍ മന്ത്രിമാരും രാജിവച്ചു. വ്യാപാര സഹമന്ത്രി ഗ്രെഗ് ഹാന്‍സും ബ്രെക്‌സിറ്റ് സഹമന്ത്രി സ്റ്റീവ് ബേക്കറും. ഭൂരിപക്ഷത്തിനു പത്തോളം എംപിമാരുടെ കുറവുള്ള തെരേസ മേ സര്‍ക്കാര്‍ വടക്കന്‍ അയര്‍ലന്‍ഡിലെ പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ (ഡിയുപി) പുറത്തുനിന്നുള്ള പിന്തുണയുടെ ബലത്തിലാണു പിടിച്ചു നില്‍ക്കുന്നത് എന്നതും കൂടി പരിഗണിച്ചാല്‍ ഈ സര്‍ക്കാര്‍ നിലംപതിക്കാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കാണുന്നത്.
ആദ്യം രാജിവച്ച പലരും പലവിധ ആരോപണങ്ങളുടെ പേരിലായിരുന്നെങ്കില്‍ ഇപ്പോഴെത്തെ രാജികള്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളുടേയും തീരുമാനങ്ങളുടേയും പേരിലാണ്. കഴിഞ്ഞ ദിവസം രാജിവച്ച ബോറിസ് ജോണ്‍സണും ഡേവിഡ് ഡേവീസും സഹമന്ത്രി സ്റ്റീവ് ബേക്കറും ബ്രെക്‌സിറ്റ് നയത്തിലെ സര്‍ക്കാരിന്റെ മൃദു സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അടുത്തപടിയായി തെരേസാ മേയ്‌ക്കെതിരെ വിമതര്‍ ഒറ്റക്കെട്ടായി നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ത്തുമെന്നാണ് സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല