സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം തേടി യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. തൊഴില്‍ സ്ഥലവുമായി ബന്ധപ്പെട്ട 12 തരം പരാതികള്‍ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കാമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മേലുള്ള മേല്‍നോട്ടം വർധിപ്പിക്കാനും നിയമങ്ങള്‍ പാലിക്കുന്നത് മെച്ചപ്പെടുത്താനും തെറ്റായ കീഴ്‌വഴക്കങ്ങള്‍ പരിഹരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ mohre.gov.ae എന്ന വെബ്സൈറ്റ് വഴിയോ 600-590-000 എന്ന നമ്പറില്‍ കോള്‍ സെന്‍ററുമായി ബന്ധപ്പെട്ടോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. വ്യാജ എമിറേറ്റൈസേഷന്‍ കേസുകള്‍, എമിറേറ്റൈസേഷന്‍ ആവശ്യകതകള്‍ പാലിക്കുന്നതിലെ വീഴ്ചകള്‍, പീഡന പരാതികള്‍, സേവനാന്ത ആനുകൂല്യങ്ങള്‍ നിഷേധിക്കല്‍, രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധിക സമയം ജോലി ചെയ്യിക്കല്‍, വാര്‍ഷിക അവധിയോ നഷ്ടപരിഹാരമോ നല്‍കാതിരിക്കല്‍, നിയമലംഘനം നടത്തുന്ന തൊഴിലാളിയെ റിപ്പോര്‍ട്ട് ചെയ്യല്‍, തൊഴിലാളികളുടെ താമസനിയമ ലംഘനങ്ങള്‍, ആരോഗ്യ, തൊഴില്‍ സുരക്ഷാ ലംഘനങ്ങള്‍, മധ്യാഹ്ന ഇടവേളയുടെ പ്രാബല്യത്തിലുള്ള സമയങ്ങളില്‍ അതിന്റെ ലംഘനം, നിര്‍ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാവുക.
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ മേല്‍നോട്ട സംവിധാനങ്ങളും പരിശോധനാ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. തൊഴില്‍ ബന്ധങ്ങളില്‍ ഇരു കക്ഷികളും തമ്മിലുള്ള സമതുലിതമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തൊഴില്‍ വിപണിയുടെ സുസ്ഥിരതയ്ക്കും ഇത് ആവശ്യമാണ്. അന്താരാഷ്ട്ര കരാറുകള്‍ക്ക് അനുസൃതമായി രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയും അതിന് തൊഴിലുടമകളെ പ്രേരിപ്പിക്കുകയും ചെയ്യുകയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല