മിസ് ഇന്ത്യ യുഎഇ ആയി ദുബായിയില്‍നിന്നുള്ള നിവേത പെതുരാജ് തെരഞ്ഞെടുക്കപ്പെട്ടു. അബുദാബിയിലെ അല്‍ റാഹാ ബീച്ച് ഹോട്ടലില്‍ ശനിയാഴ്ച്ച രാത്രിയോടെ നടന്ന മിസ് ഇന്ത്യ യുഎഇ പെയ്ജന്റില്‍ 14 മത്സരാര്‍ത്ഥികളെ പിന്‍തള്ളിയാണ് നിവേത കിരീടം ചൂടിയത്. ദുബായിയിലെ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന നിവേത ഹെറിയോട് വാട്ട് സര്‍വകലാശാലയില്‍നിന്ന് മാനേജ്‌മെന്റില്‍ ബിരുദവും നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുധുരൈയാണ് നിവേതയുടെ സ്വദേശം. ദുബായിയില്‍ ഫിറ്റ്‌നെസ്സ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുകയാണ് നിവേത ഇപ്പോള്‍.
സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന മിസ് ഇന്ത്യാ വേള്‍ഡ് വൈഡ് കോണ്‍ടെസ്റ്റില്‍ യുഎഇയെ പ്രതിനിധീകരിച്ച് നിവേതയും പങ്കെടുക്കും.
മിസ് ഇന്ത്യ യുഎഇയുടെ അവസാന റൗണ്ടിലെത്തിയ നിവേതയോട് ഒരു സ്ത്രീ എന്ന നിലയിലെ ‘ചോയിസ്’ എന്തായിരിക്കുമെന്ന് ജൂറി ചോദിച്ചു. ദീപികാ പദുക്കോണ്‍ അഭിനയിച്ച മൈ ചോയ്‌സ് എന്ന വീഡിയോയെ മുന്‍നിര്‍ത്തി ഉത്തരം നല്‍കാനായിരുന്നു ജൂറി ആവശ്യപ്പെട്ടത്. ഇതിന് നല്‍കിയ ഉത്തരമാണ് തനിക്ക് വിജയം സമ്മാനിച്ചതെന്ന് നിവേത ഒരു ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നാണ് തന്റെ ചോയിസെന്നായിരുന്നു നിവേതയുടെ ഉത്തരം.
ഒരാഴ്ച്ചയോളം പരിശീലനം നേടിയ ശേഷമായിരുന്നു മത്സരാര്‍ത്ഥികള്‍ മിസ് ഇന്ത്യ യുഎഇ പേജന്റിന്റെ ഫൈനലില്‍ മാറ്റുരച്ചത്. മൂന്നു റൗണ്ടുകളിലായിട്ടായിരുന്നു മത്സരം നടന്നത്. ആദ്യത്തെ രണ്ട് എലിമിനേഷന്‍ റൗണ്ടുകള്‍ക്ക് ശേഷം അഞ്ചു പേരാണ് ഫൈനലില്‍ എത്തിയത്. സൗന്ദര്യ മത്സരത്തിന് പുറമെ ഫൈനലില്‍ ചോദ്യോത്തര സെഷനുമുണ്ടായിരുന്നു.
സ്‌റ്റെഫാനി ലഹോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും അറോറ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല