സ്വന്തം ലേഖകന്‍: സൗന്ദര്യറാണി പട്ടം ചൂടിയതായി പ്രഖ്യാപനം; അടുത്ത നിമിഷം ദേ കിടക്കുന്നു ബോധംകെട്ട് നിലത്ത്; ഫലപ്രഖ്യാപനം കേട്ട് ബോധം പോയ പരാഗ്വന്‍ സുന്ദരിയുടെ വീഡിയോ വൈറല്‍. മ്യാന്‍മറിലാണ് സംഭവം നടന്നത്. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസ (24)യാണ് വേദിയില്‍ ബോധം കെട്ടുവീണത്.
രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നില്‍ക്കുമ്പോഴായിരുന്നു ക്‌ളാരയുടെ ബോധം പോയത്. കുഴഞ്ഞു വീഴാന്‍ തുടങ്ങിയ ക്‌ളാരയെ മീനാക്ഷി താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വേദിയിലുണ്ടായിരുന്ന അവതാരകരും മറ്റും ആശങ്കയോടെ ക്ലാരയുടെ അടുത്തെത്തി. അല്‍പസമയത്തിനുള്ളില്‍ ബോധം വീണ്ടെടുത്ത ക്‌ളാര പിന്നെ നിറുത്താതെ കരച്ചിലായിരുന്നു. ഇതിനിടെ ക്‌ളാരയെ കിരീടവും അണിയിച്ചു.
നിയമവിദ്യാര്‍ത്ഥിയായ ക്ലാര പാചകവിദഗ്ദ്ധയുമാണ്. സ്വന്തമായി റസ്റ്റോറന്റ് തുടങ്ങണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ക്‌ളാരയുടെ ഏറ്റവും വലിയ ആഗ്രഹം അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് കാണണമെന്നതാണ്. ആരാധന കൊണ്ടല്ല, മറിച്ച് സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാകണമെന്ന് ട്രംപിനെ ഉപദേശിക്കാനാണിതെന്നും ഈ സുന്ദരി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല