സ്വന്തം ലേഖകന്‍: മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം, തക്ക സമയത്ത് സൗദി സേനയുടെ ഇടപെടല്‍ അപകടം ഒഴിവാക്കി. യമനില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതികളും മുന്‍ പ്രസിഡന്റ് അലി സാലിഹിനോട് കൂറു പുലര്‍ത്തുന്ന സേനാ വിഭാഗവുമാണ് ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്.
എന്നാല്‍ സഖ്യസേനയുടെ ഫലപ്രദമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രിയാണ് പുണ്യ നഗരത്തിനുനേരെ ആക്രമണമുണ്ടായത്. ഇതിനെതുടര്‍ന്ന് തിരിച്ചടിച്ച സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന മിസൈല്‍ തൊടുത്തുവിട്ട വിമതരുടെ ശക്തികേന്ദ്രമായ സഅദയിലെ വിക്ഷേപണകേന്ദ്രം ബോംബിട്ട് തകര്‍ത്തു.
ഈ മാസം ഇത് രണ്ടാം തവണയാണ് ഹൂതി സൈന്യം മക്കയെ ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തുന്നത്. ഒക്ടോബര്‍ ഒമ്പതിന് മക്ക നഗരത്തിന് 40 കി.മീറ്റര്‍ അകലെ ത്വാഇഫില്‍വെച്ച് സഖ്യസേന മിസൈല്‍ തകര്‍ത്തിരുന്നു. യമന്‍ അതിര്‍ത്തിയായ ജീസാന്‍, നജ്‌റാന്‍ പ്രവിശ്യകളില്‍ കഴിഞ്ഞയാഴ്ചത്തെ വെടിനിര്‍ത്തലിനു ശേഷം പല തവണ മിസൈലാക്രമണമുണ്ടായി.
കഴിഞ്ഞദിവസം നജ്‌റാന്‍ അതിര്‍ത്തിയില്‍ ഹൂതി മിസൈല്‍ പതിച്ച് ബംഗ്‌ളാദേശ് പൗരന്‍ മരിക്കുകയും പാകിസ്താന്‍ സ്വദേശിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടുമുമ്പ് യമന്‍ അതിര്‍ത്തിയില്‍നിന്ന് ആക്രമണം നടത്തിയ വിമത സൈന്യത്തെ സഖ്യസേന തുരത്തിയിരുന്നു. സേനയുടെ പ്രത്യാക്രമണത്തില്‍ ഏഴ് ഹൂതി വിമതര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഹൂതി വിമതര്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കുന്നത് ഇറാനാണെന്ന് സഖ്യസേന ആരോപിക്കുന്നു. ഹൂതികള്‍ക്ക് ഇറാന്‍ നല്‍കുന്ന സഹായം നിര്‍ത്തണമെന്ന് സൗദി അറേബ്യ കര്‍ക്കശമായി ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല