സ്വന്തം ലേഖകന്‍: ഡല്‍ഹിയ്ക്ക് സുരക്ഷയുടെ ആകാശക്കുട; ഒരുങ്ങുന്നത് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം. വാഷിംഗ്ടണേയും മോസ്‌കോയേയും സംരക്ഷിക്കുന്ന പുത്തന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇനി ഡല്‍ഹിക്കും സംരക്ഷണം നല്‍കും.പഴയ മിസൈല്‍ പ്രതിരോധ കവചങ്ങള്‍ മാറ്റി ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തുടങ്ങി.
അമേരിക്കയില്‍ നിന്ന് 100 കോടി ഡോളറിനാണ് (ഏകദേശം 6500 കോടി രൂപ) ഇന്ത്യ ഈ സംവിധാനം സ്വന്തമാക്കുന്നത്. അമേരിക്കന്‍ പ്രതിരോധ കമ്പനിയുടെ നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫെയ്‌സ് ടു എയര്‍ മിസൈല്‍ സിസ്റ്റം2 (നസംസ്) രാജ്യ തലസ്ഥാനത്ത് സ്ഥാപിക്കുന്നതിന്റെ ആവശ്യകത പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമാന്‍ അംഗീകരിച്ചു.
മിസൈല്‍ ആക്രമണങ്ങള്‍ അതിവേഗം തിരിച്ചറിയുകയും നിര്‍വീര്യമാക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. ആളില്ലാ വിമാനങ്ങളില്‍ നിന്നടക്കമുണ്ടാകുന്ന ആക്രമങ്ങള്‍ നേരിടുന്നതിനും ക്രൂയിസ് മിസൈലുകളെ തകര്‍ക്കുവാനും പുതിയ സംവിധാനത്തിന് സാധിക്കും.
അമേരിക്കയെ കൂടാതെ മറ്റ് ആറു രാജ്യങ്ങളില്‍ നസംസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ 2005ല്‍ സ്ഥാപിച്ചിട്ടുണ്ട്. നോര്‍വെ, ഫിന്‍ലന്‍ഡ്, സ്‌പെയിന്‍, നെതര്‍ലന്‍ഡ്, ഒമാന്‍, എന്നിവയ്ക്കും പേര് വ്യക്തമാക്കാത്ത മറ്റൊരു രാജ്യത്തും നസംസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമുണ്ടെന്നാണ് വെബ്‌സൈറ്റിലുള്ളത്.
വാഷിംഗ്ടണിലുള്ള ഏറ്റവും ആധുനിക പ്രതിരോധ സംവിധാനം തന്നെയാണ് ഇന്ത്യക്കും ലഭിക്കുക. റഷ്യയുടെ പഴയ മിസൈല്‍ പ്രതിരോധ സംവിധാനമാണ് നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ഡല്‍ഹിയിലെ ഭരണ സിരാകേന്ദ്രങ്ങളെല്ലാം ഈ പ്രതിരോധ സംവിധാനത്തിന്റെ കീഴില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല