1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2016

സ്വന്തം ലേഖകന്‍: കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ വിഫലം, സഹായത്തിന് അമേരിക്കയും. ജൂലായ് 22 ന് തമിഴ്‌നാട്ടിലെ താംബരത്തു നിന്നും കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനം കണ്ടെത്തുന്നതിനായി അമേരിക്കന്‍ വിദഗ്ദ്ധരുടെ സഹായം തേടിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയെ അറിയിച്ചു.

നിലവില്‍ നാവികസേനയുടെ 10 കപ്പലുകളും സിന്ധു ധ്വജ് അന്തര്‍വാഹിനിയും വിമാനത്തിന് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. 6000 മീറ്റര്‍ വരെ ആഴത്തില്‍ തെരച്ചില്‍ നടത്താന്‍ കഴിയുന്ന സാഗര്‍നിധിയെന്ന കപ്പലും പുറപ്പെട്ടിട്ടുണ്ട്. മൗറീഷ്യസില്‍ നിന്നും വരുന്ന അമേരിക്കന്‍ കപ്പല്‍ ആഗസ്റ്റ് ഒന്നിന് തെരച്ചില്‍ സംഘത്തോടൊപ്പം ചേരുമെന്നാണ് സൂചന.

വിമാനത്തിന്റെ സിഗ്‌നലുകള്‍ അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്നാണ് കപ്പല്‍ പ്രധാനമായും പരിശോധിക്കുക. കാലാവധി കഴിയാത്ത വിമാനം അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉള്‍പ്പാക്കിയിരുന്നതായും പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നതെന്നും മനോഹര്‍ പരീക്കര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. വിമാനം കാണാതായ സംഭവത്തിന് പിന്നില്‍ അട്ടിമറി ആകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ വിമാനം കാണാതായ ശേഷവും യാത്രക്കാരുടെ മൊബൈലും അതിലൂടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ആശയ വിനിമയവും നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാണാതായവരില്‍ ഉണ്ടായിരുന്ന രഘുവീര്‍ ഉപയോഗിച്ചിരുന്ന എയര്‍ടെല്‍ കണക്ഷനുള്ള സെല്‍ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

മൊബൈലിലെ വാട്‌സ്ആപ്പ് ജൂലൈ 26 വരെ പ്രവര്‍ത്തിച്ചിരുന്നതായും ജൂലൈ 22 ന് വിമാനം കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും വാട്‌സ്ആപ്പ് പ്രവര്‍ത്തിച്ചിരുന്നു. മൊബൈല്‍ ഇപ്പോഴും ബെല്ലടിക്കുന്നുണ്ടെന്ന വിവരവും അടുത്ത കാലം വരെ വാട്‌സ് ആപ്പ് ആക്ടീവായിരുന്ന വിവരവും വീട്ടുകാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ അന്വേഷണ സംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.