സ്വന്തം ലേഖകൻ: ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ ‘ടൈറ്റന്‍’ ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു.
ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍.
മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചത്. ടൈറ്റനിന്റെ പിന്‍ഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമോ എന്നത് പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ അറിയിച്ചു.
കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവ പരിശോധിച്ചതില്‍ നിന്നാണ് ഒരു പൊട്ടിത്തെറി നടന്നതായുള്ള അനുമാനത്തില്‍ വിദഗദ്ധര്‍ എത്തിയത്. ടൈറ്റന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ROV പരിശോധന നടത്തുന്നത് തുടരുമെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. വടക്കൻ അറ്റ്‍ലാന്റിക് സമുദ്രത്തിൽ ഇന്ത്യന്‍സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടൈറ്റന്‍ ഊളിയിട്ടത്. എന്നാല്‍ ഒരു മണിക്കൂര്‍ 45 മിനിറ്റിനകം ടൈറ്റനെ നിയന്ത്രിച്ചിരുന്ന ഉപരിതലത്തിലുണ്ടായിരുന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല