1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2024

സ്വന്തം ലേഖകൻ: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. റെയിൽവേയുടെ വർഷങ്ങൾ പഴക്കമുള്ള മാലിന്യം രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയാണ്. മാലിന്യം മാറ്റാനാവശ്യമായ നടപടി റെയിൽവേ സ്വീകരിക്കണമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻആവശ്യപ്പെട്ടു.

ടണലിലെ അഴുക്ക് ജലം പൂർണ്ണമായും തടഞ്ഞ് പരിശോധന നടത്താനും ആലോചനയുണ്ട്. തെരച്ചിലിനെ റോബോട്ടിക് പരിശോധനയില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് ഇത് മനുഷ്യ ശരീരമല്ലെന്ന് കണ്ടെത്തി.

അതീവ ദുഷ്കരമായ രക്ഷാദൗത്യം 27 മണിക്കൂർ പിന്നിടുകയാണ്. ടണലിന്റെ 70 ശതമാനം പരിശോധന നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ ജോയിക്കുണ്ടായ അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധികൃതർക്ക് കമ്മീഷൻ നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം.

ഫയർഫോഴ്സ് സ്കൂബ ഡൈവിങ് സംഘം എട്ട് തവണയാണ് പരിശോധന നടത്തിയത്. ഇനി രക്ഷാദൗത്യം ഏറ്റെടുത്ത് എൻഡിആർഎഫ് സ്കൂബ സംഘം ടണലിലേക്ക് ഇറങ്ങും. നൈറ്റ് വിഷൻ ക്യാമറയുമായാണ് പരിശോധന തുടരുന്നത്. ടണലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പരിശോധന നടത്തും. റെയിൽവെയുടെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ടണലിലേക്ക് പരിശോധന നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.