ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു. സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റ്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ചുവന്ന ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച യുവതി ആരാണന്ന് വ്യക്തമാക്കാന്‍ സംഘാടകര്‍ക്കും ഒളിമ്പിക് ഒഫിഷ്യല്‍സിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ പതാക ഏന്തിയ ബോക്‌സിങ്ങ് താരം സുശീല്‍ കുമാറിനൊപ്പം മുന്‍നിരയിലായിരുന്നു യുവതിയുടെ സ്ഥാനവും. മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത യുവതി ആരെന്ന് ഇന്ത്യന്‍ മാധ്യമ സംഘം വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ വിവരം നല്‍കാന്‍ ഒളിമ്പിക് സംഘാടകര്‍ക്കും കഴിഞ്ഞില്ല. എന്തായാലും സംഭവം ഇന്ത്യന്‍ ക്യാമ്പില്‍ വിവാദമായതോടെ ഇന്ത്യന്‍ സംഘത്തലവന്‍ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജ ഇതു സംബന്ധിച്ച് ഒളിമ്പിക് സംഘാടക സമിതിക്ക് പരാതി നല്‍കി.
ഈ സ്ത്രീ ആരാണന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അവര്‍ എങ്ങനെ ഇന്ത്യന്‍ സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ അരാണ് അനുവാദം നല്‍കിയതെന്ന് അറിയില്ലെന്നും രാജ പറഞ്ഞു. അത്‌ലറ്റുകള്‍ക്കും ഒഫിഷ്യല്‍സിനും മാത്രമാണ് ഒളിമ്പിക്‌സിലെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം. ഇന്ത്യന്‍ സംഘത്തിനൊപ്പം മുന്‍നിരയില്‍ തന്നെ നടന്നത് മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരിക്കാം എന്നും രാജ ചൂണ്ടിക്കാട്ടി. മാര്‍ച്ച് പാസ്റ്റിനൊപ്പം ആരെന്ന് അറിയാത്ത ഒരു അജ്ഞാത യുവതി പങ്കെടുത്തത് ഇന്ത്യന്‍ ക്യാമ്പിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു.
യുവതിക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി അത്‌ലറ്റുകള്‍ പറഞ്ഞു. ഇരുവരും ഗ്രൗണ്ട് വരെയെ മാര്‍ച്ച് പാസ്റ്റിനെ അനുഗമിക്കൂ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സംഘം ഗ്രൗണ്ടിന് അടുത്ത് എത്തിയപ്പോഴേക്കും യുവാവ് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അക്രിഡിറ്റേഷനോ മറ്റ് ഐഡന്റിറ്റി കാര്‍ഡുകളോ ഇല്ലാത്ത യുവതി സംഘത്തിനൊപ്പം സ്റ്റേഡിയത്തിലേക്ക് കടക്കുകയായിരുന്നു. മാര്‍ച്ച് പാസ്റ്റിന്റെ ടിവി കവറേജില്‍ ഇന്ത്യന്‍ സംഘത്തിന് ലഭിച്ചത് പരമാവധി പത്ത് സെക്കന്‍ഡാണ്. ഇതില്‍ കൂടുതല്‍ സമയവും ഈ യുവതിയുടെ മുഖത്തേക്കാണ് ക്യാമറ ഫോക്കസ് ചെയ്തിരുന്നു. മഞ്ഞ സാരിയുടുത്ത അത്‌ലറ്റുകള്‍ക്കിടയില്‍ യുവതിയുടെ സാന്നിധ്യം എടുത്ത് അറിയാമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല