പ്രത്യേക ലേഖകന്‍
യു.കെയെന്ന സ്വപ്നഭൂമിയിലേക്ക് ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയുമായി വരുന്ന പാവപ്പെട്ട പെണ്‍കുട്ടികളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും പാപത്തില്‍ വീഴിക്കാന്‍ വലവിരിച്ചിരിക്കുന്ന വേടന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് ഹാര്‍ട്ട്ഫോര്‍ഡ്‌ഷെയറിലെ സെന്റ്. അല്ബാന്‍സ് കോടതിയില്‍ നടക്കുന്ന മലയാളിക്കെതിരെയുള്ള ബലാത്സംഗകേസ്. മൂന്നാം നമ്പര്‍ കോടതിമുറിയില്‍ സെപ്റ്റംബര്‍ മൂന്നിനാരംഭിച്ച വിചാരണ പുരോഗമിക്കുമ്പോള്‍ സമാനകുറ്റങ്ങളില്‍ പരാതി കൊടുക്കാത്തതിന്റെ പേരില്‍ മാത്രം വിലസി നടക്കുന്ന പകല്‍മാന്യന്മാരും നമ്മുടെ സമൂഹത്തിലുണ്ട്.
എങ്ങനെയെങ്കിലും യു,കെയില്‍ എത്തിയാല്‍ പ്രതിമാസം ലക്ഷക്കണക്കിനു രൂപ സമ്പാദിക്കാം എന്ന ട്രാവല്‍ ഏജന്റുമാരുടെയും, റിക്രൂട്ട്മെന്റ് തട്ടിപ്പുകാരുടെയും പൊള്ളവാക്കുകള്‍ വിശ്വസിച്ചു ഇവിടെ വന്നിറങ്ങുന്നവര്‍ യാഥാര്‍ത്ഥ്യത്തിന്‍റെ മുന്‍പില്‍ പകച്ചുനില്‍ക്കുമ്പോള്‍ സഹായ വാഗ്ദാനങ്ങളുമായി അടുത്തു കൂടുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല. കിടപ്പാടം പണയപ്പെടുത്തിയും, കൊള്ളപ്പലിശക്ക് കടം വാങ്ങിയുമൊക്കെ ലക്ഷങ്ങള്‍ ഏജന്റുമാര്‍ക്കു കൊടുത്ത് ഒരു വര്ഷം വരെ മാത്രം കാലാവധിയുള്ള സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ എങ്ങനെയെങ്കിലും കടം വീട്ടാനുള്ള തത്രപ്പാടിലായിരിക്കും.
ഇവര്‍ക്കുമുന്‍പേ ഇവിടെയെത്തി ജീവിതം കരുപ്പിടിപ്പിച്ച കഴുകന്മാര്‍ ഇത്തരക്കാരുടെ നിസ്സഹായതയെയാണ് ഉന്നം വയ്ക്കുക. ജോലി വാങ്ങിക്കൊടുക്കം, വീടു ശരിയാക്കാം, ഇന്റെര്‍വ്യൂവിനു കൊണ്ടുപോകം എന്നൊക്കെ പറഞ്ഞ് ഇവര്‍ അടുത്തുകൂടും. കേരളത്തിലെ അദ്ധ്യാത്മിക പാരമ്പര്യത്തില്‍നിന്നു വന്നവരും കുടുംബ ബന്ധങ്ങളെ പവിത്രമായി കരുതുന്നവരും താങ്ങാകുമെന്നു കരുതുന്നവരുടെ തനിനിറം കാണുമ്പോള്‍ തകര്‍ന്നുപോകും. നാണക്കേടോര്‍ത്തു മിക്കവരും പരാതിക്കൊന്നും പോകില്ല. പകരം എല്ലാ വേദനകളും ഉള്ളിലൊതുക്കി പ്രാര്‍ത്ഥനയിലും ധ്യാനത്തിലും അഭയം തേടും.
ചാരിത്ര പ്രസംഗവും ഏക പത്നീവ്രതവുമൊക്കെ അങ്ങ് നാട്ടിലാണ്. യു.കെ പോലുള്ള ഫ്രീ സൊസൈറ്റിയില്‍ മൊറാലിറ്റി പറഞ്ഞിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല
ഒരു റിക്രൂട്ട്മെന്റ് ഏജന്റ് ലാഘവത്തോടെ പറഞ്ഞത് ഇപ്രകാരമാണ്: “ചാരിത്ര പ്രസംഗവും ഏക പത്നീവ്രതവുമൊക്കെ അങ്ങ് നാട്ടിലാണ്. യു.കെ പോലുള്ള ഫ്രീ സൊസൈറ്റിയില്‍ മൊറാലിറ്റി പറഞ്ഞിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല”. മലയാളിയുടെ ചിന്താരീതിയിലെ ഈ മാറ്റം അപകടകരമല്ലേ? യു.കെയിലെ പരിഷ്കൃത സമൂഹത്തില്‍ ലൈംഗിക അരാജകത്വവും അവിഹിതബന്ധങ്ങളും നിരവധിയുണ്ടെങ്കിലും അവയൊക്കെ അറിവോടും ഉഭയകക്ഷി സമ്മതത്തോടെയുമാണ് നടക്കുക. മദ്യലഹരിയിലാണെങ്കില്പോലും പങ്കാളിയുടെ അനുവാദത്തോടെയല്ലാത്ത ബന്ധത്തെ റേപ്പ് വിഭാഗത്തിലാണ് ഇവിടുത്തെ നിയമവ്യവസ്ഥ പരിഗണിക്കുക.
ചിലര്‍ സഹായിക്കുന്നത് സാമ്പത്തിക ലാഭം നോക്കിയാണ്. ജോലി നേടാന്‍ സഹായിക്കുന്നതിന്, ഏജന്‍സിയെ പരിചയപ്പെടുത്തുന്നതിനു എന്തിനേറെ ഒരു ഇന്റെര്‍വ്യൂവിനു സ്വന്തം വണ്ടിയില്‍ കൊണ്ടുപോകുന്നതിനുപോലും കമ്മീഷന്‍ വാങ്ങുന്ന ലാഭാക്കൊതിയന്മാരുണ്ട്. നിസ്സഹാരരും ദുര്‍ബലരുമായ പാവങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരക്കാരെ തിരിച്ചറിയാന്‍ കഴിയണം.
സാഹചര്യ സമ്മര്‍ദ്ദംകൊണ്ടും ഭീഷണിക്കു വഴങ്ങിയും അവിഹിതബന്ധത്തിനു സമ്മതിച്ചതിന്റെ വേദനയില്‍ നീറിപ്പുകയുന്നവരും, ദാമ്പത്യജീവിതം തകര്‍ന്നവരുമുണ്ട്.ഇരകള്‍ പ്രാരാബ്ദക്കാരും പ്രതികരണശേഷി ഇല്ലാത്തവരുമാണെന്ന മിഥ്യാധാരണയില്‍ പാവപ്പെട്ട യുവതികളെ ജഡമോഹങ്ങളുടെ ബലിമൃഗങ്ങളാക്കുന്നവര്‍ കരുതിയിരിക്കുക – ഇന്നല്ലെങ്കില്‍ നാളെ അനിവാര്യമായ നീതിവിധി നിങ്ങളെ തേടിയെത്തും. സെന്റ്. അല്‍ബാനിലേതുപോലുള്ള കോടതിമുറികളില്‍ നിന്നു രക്ഷപെട്ടാലും പ്രപഞ്ചനിയന്താതവിന്റെ നീതി വിസ്താരത്തില്‍നിന്നു നിങ്ങള്‍ക്കു മോചനമില്ല – കരുതിയിരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല