സ്വന്തം ലേഖകൻ: വാര്‍ഷിക ഹജ്ജ് തീര്‍ഥാടന സീസണിലും ചെറിയ തീര്‍ഥാടനമായ ഉംറ വേളയിലും നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട താല്‍ക്കാലിക തൊഴില്‍ വീസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യ. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി ഒരാള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വീസ വില്‍ക്കുകയോ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുകയോ അതിന്റെ ഉദ്ദേശ്യത്തിനല്ലാതെ മറ്റെന്തെങ്കിലും കാര്യത്തില്‍ ഉപയോഗിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍, പുതിയ ചട്ടങ്ങള്‍ അനുസരിച്ച് വന്‍ തുക പിഴ ഈടാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
50,000 റിയാല്‍ പിഴയും അഞ്ച് വര്‍ഷം വരെ തടവും അല്ലെങ്കില്‍ ഇവ രണ്ടില്‍ ഏതെങ്കിലുമൊന്നായിരിക്കും ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ. അതിനു പുറമെ, വീസ കൃത്രിമം കണ്ടുപിടിക്കപ്പെട്ടാല്‍ ഭാവിയില്‍ ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട താല്‍ക്കാലിക ജോലികള്‍ക്കായി മത്സരങ്ങളില്‍ പ്രവേശിക്കുന്നതിന് വ്യക്തിക്കും സ്ഥാപനത്തിനും വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതരെ ഉദ്ധരിച്ച് സൗദി പത്രമായ ഉകാസ് റിപ്പോര്‍ട്ട് ചെയ്തു.
അതിനു പുറമെ, താല്‍ക്കാലിക തൊഴില്‍ വീസയില്‍ തട്ടിപ്പ് കാണിച്ച് അതുവഴി നേടിയ വരുമാനത്തിന് തുല്യമായ തുക നിയമലംഘകരില്‍ നിന്ന് ഈടാക്കും. നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴയും കൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായുള്ള താല്‍ക്കാലിക തൊഴില്‍ വീസയ്ക്കുള്ള അപേക്ഷകന്‍ ഇതിനായി രജിസ്റ്റര്‍ ചെയ്ത വിലാസം, ഡാറ്റ, ഇതിനായി സമര്‍പ്പിച്ച രേഖകള്‍ എന്നിവ തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ പരമാവധി 15,000 റിയാല്‍ പിഴ ഈടാക്കും.
ഇതിനു പുറമെ, താല്‍ക്കാലിക തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകളും അധികൃതര്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. പുതുക്കിയ നിയമങ്ങള്‍ പ്രകാരം, ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വീസയ്ക്കുള്ള അപേക്ഷകന്‍ ഓരോ തൊഴിലാളിക്കും അവനെ സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് 2,000 റിയാല്‍ സാമ്പത്തിക ഗ്യാരണ്ടി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ തൊഴിലാളി രാജ്യം വിട്ടതിന്റെ തെളിവ് ഹാജരാക്കുകയോ അല്ലെങ്കില്‍ വീസ റദ്ദാക്കിയതിന്റെ രേഖ ലഭ്യമാക്കുകയോ ചെയ്താല്‍ ഈ ഗ്യാരണ്ടി തുക റീഫണ്ട് ചെയ്യും.
പുതിയ തീരുമാനപ്രകാരം, താല്‍ക്കാലിക തൊഴില്‍ വീസയുടെ ഉടമയ്ക്ക് രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 90 ദിവസം വരെ സൗദിയില്‍ താമസിക്കാന്‍ അനുവാദമുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഈ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഉടമ രാജ്യം വിടണം. ആവശ്യമെങ്കില്‍ ഈ വീസ 90 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഹജ്ജ്, ഉംറ മന്ത്രാലയത്തിന് അവകാശമുണ്ട്. അതേസമയം, ഈ താല്‍ക്കാലിക വീസക്കാര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അനുവാദമുണ്ടായിരിക്കുകയില്ല. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വീസ മറ്റൊരു ആവശ്യത്തിനോ സ്ഥിര ജോലിക്കോ വേണ്ടിയുള്ള താല്‍ക്കാലിക തൊഴില്‍ വീസയാക്കി മാറ്റാനും കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം ആദ്യത്തിലാണ് താല്‍ക്കാലിക തൊഴില്‍ വീസകള്‍ക്കുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് സൗദി സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത് തൊഴില്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുകയും തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ക്കനുസരിച്ച് താല്‍ക്കാലിക വീസകള്‍ ഉപയോഗിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് ഉയര്‍ന്ന സൗകര്യമൊരുക്കുകയും ചെയ്യുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല