സ്വന്തം ലേഖകൻ: നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതു മുതൽ വിവാഹ നിശ്ചയ ചടങ്ങിൽനിന്നുളള ചിത്രങ്ങൾക്കായി തിരയുകയായിരുന്നു സോഷ്യൽ മീഡിയ. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ എന്നാണ് വാർത്തകൾ. കൺസ്ട്രഷൻ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് സൂചനകൾ.
വിവാഹനിശ്ചയത്തിന്റെ തിയതി ഇരുകുടുംബങ്ങളും നേരത്തെ നിശ്ചയിച്ചിരുന്നതായും ലോക്ഡൗൺ സാഹചര്യത്തിലും തിയതി നീട്ടിക്കൊണ്ടുപോകാൻ ഇരുവീട്ടുകാര്‍ക്കും താൽപര്യം ഇല്ലായിരുന്നുവെന്നും നടിയോട് അടുത്തവൃത്തങ്ങൾ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
മിയയും അശ്വിനും ഒന്നിച്ചുളള ചിത്രവും കുടുംബാംഗങ്ങൾക്കൊപ്പമുളള ചിത്രവും പുറത്തു വന്നവയിലുണ്ട്. കോട്ടയം സ്വദേശിയായ ബിസിനസുകാരൻ അശ്വിന്റെ വീട്ടിൽവച്ച് കഴിഞ്ഞ ഞായറാഴ്ച (മേയ് 1) ആയിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. വെളള ചുരിദാർ അണിഞ്ഞ് വളരെ സിംപിൾ ലുക്കിലായിരുന്നു വിവാഹ നിശ്ചയത്തിൽ മിയ പങ്കെടുത്തത്.
പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ സിനിമയിൽ അരങ്ങേറിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുൻനിരനായികാ പദവിയിലേക്ക് ഉയർന്നു.
റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ സിനിമയിലാണ് മിയ അവസാനമായി വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല