മാഞ്ചസ്റ്റര്‍ ക്നാനായ അസോസിയേഷന്റെ വിജയകരമായ പത്താം വാര്‍ഷികവും കോട്ടയം അതിരൂപതയുടെ നൂറാം വാര്‍ഷികവും സംയുക്തമായി അതി വിപുലമായ പരിപാടികളോടെ മാഞ്ചസ്റ്ററില്‍ ആഘോഷിച്ചു. മേയ് 30 ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.
വിശുദ്ധകുര്‍ബാനക്ക് ശേഷം നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ അതിഥികളെ സ്വീകരിച്ചാനയിച്ചു. കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷ സൂചകമായി ബാഡ്ജ് ധരിച്ച നൂറ് ക്നാനായ വനിതകള്‍ ഘോഷയാത്രയില്‍ ഉണ്ടായിരുന്നു.
വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച കലാസന്ധ്യ കണ്ണിനും കാതിനും കുളിര്‍മനല്‍കിയ അവിസ്മരണീയമുഹൂര്‍ത്തമാണ് സമ്മാനിച്ചത്. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ കെ.സി.വൈ.എല്‍ അംഗങ്ങള്‍ അവതരിപ്പിച്ച തീമാറ്റിക് വെല്‍ക്കം പ്രസന്റേഷന്‍ ഏറെ ആകര്‍ഷകവും അര്‍ത്ഥവത്തുമായിരുന്നു. 20 സുന്ദരിമാര്‍ പങ്കെടുത്ത ഫാഷന്‍ ഷോ പുതുമയായി.
എം.കെ.സി.എ പ്രസിഡന്റ് ബേബി കുര്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. സജി മുഖ്യപ്രഭാഷണം നടത്തി. ഫാ. മൈക്കിള്‍ മുറേ, യു.കെ.കെ.സി.എ പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയില്‍, പ്രഥമ യു.കെ.കെ.സി.എ പ്രസിഡന്റ് റജി മഠത്തിലേട്ട്, യു.കെ.കെ.സി.വൈ.എല്‍ പ്രസിന്റ് സുബിന്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം.കെ.സി.എ സെക്രട്ടറിവിജു ബേബി സ്വാഗതവും ജൂലി ജോസ് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയുടെ ആശംസാ സന്ദേശം എം.കെ.സി.എ വൈസ് പ്രസിഡന്റ് റ്റെസി കുന്നശേരി ചടങ്ങില്‍ വായിച്ചു. രാത്രി എട്ടരയോടെ സ്നേഹവിരുന്നോടെ അവിസ്മരണീയമായ ആഘോഷപരിപാടികള്‍ സമാപിച്ചു. ഏഷ്യാനെറ്റ് യു.കെ. പകര്‍ത്തിയ ആഘോഷപരിപാടികള്‍ വരും ദിവസങ്ങളില്‍ പ്രക്ഷേപണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ ബേബി കുര്യന്‍,വൈസ് പ്രസിഡന്റ് റ്റെസി കുന്നശേരി, സെക്രട്ടറി വിജു ബേബി, ജോയിന്റ് സെക്രട്ടറി ബിജു പി.മാണി, ട്രഷറര്‍ സണ്ണി ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല