രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ .പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
മണിക്കെതിരെ കടുത്ത ഭാഷയിലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ് മണിയുടെ വെളിപ്പെടുത്തലെന്ന് കോടതി നിരീക്ഷിച്ചു.
അഞ്ചേരി ബേബി, ബാലസുബ്രഹ്മണ്യം, മുള്ളഞ്ചിറ മത്തായി എന്നിവരെ കൊലപ്പെടുത്തിയ കേസുകള്‍ പുനരന്വേഷിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് മണി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി.പൊലീസിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റീസ് എസ്.എസ്. സതീഷ് ചന്ദ്രന്‍ വ്യക്തമാക്കി.
സംഘം ചേരാനും ആശയ വിനിമയം നടത്താനുള്ള മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ് കൊലപാതകങ്ങളുടെ ചരിത്രങ്ങള്‍ വെളിപ്പെടുത്തി മണി നടത്തിയത്. മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പരിഷ്‌കൃത സമൂഹത്തില്‍ നടുക്കമുണ്ടാക്കിയെന്നും മണിയുടെ പരാമര്‍ശങ്ങള്‍ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മണിയുടെ പ്രസംഗം ജനാധിപത്യത്തിന്റെ മരണമണിയാണെന്നും ഹൈക്കോടതി പറഞ്ഞു.
ഈ സാഹചര്യത്തില്‍ കേസില്‍ നിലവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷണം നടക്കുമ്പോള്‍ പരാതിയുണ്ടെങ്കില്‍ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
കഴിഞ്ഞ മാസം 25ന് തൊടുപുഴയ്ക്ക് അടുത്ത് മണക്കാട്ട് മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ മൂന്നു കേസുകളാണ് .പൊലീസ് മണിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവാദപ്രസംഗത്തില്‍ 13 പേരെ കൊലപ്പെടുത്തിയെന്ന് മണി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല