സാജന് ചാക്കോ
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറര്‍ അസോസിയേഷന് പത്താം വാര്‍ഷികത്തിനായി ഒരുങ്ങുന്നു. ഒരു വര്‍ഷക്കാലം നീളുന്ന വിപുലമായ പരിപാടികളോടെ ദശവത്സരാഘോഷങ്ങള് കൊണ്ടാടുവാന്‍ എംഎംസിഎ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.ദശവത്സര ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 15.9.12 ശനിയാഴ്ച, അസോസിയേഷന്റെ ഓണാഘോഷപരിപാടികളോടൊന്നിച്ച് നിര്‍വഹിക്കുന്നതാണ്. ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം യുക്മ ദേശീയ അധ്യക്ഷന്‍ വിജി കെപി നിലവിളക്ക് കൊളുത്തി നിര്‍വഹിക്കും. പ്രസ്തുത ചടങ്ങില്‍ എംഎംസിഎ പ്രസിഡന്റ് അലക്സ് വര്‍ഗീസ് അധ്യക്ഷനാകും. യുക്മ ട്രഷറര്‍ ദിലീപ് മാത്യു, യുക്മ നോര്ത്ത്വെസ്റ്റ് റീജയന് പ്രസിഡന്റ് സോണി ചാക്കോ, മുന്‍ പ്രസിഡന്റുമാരായ റെജി മഠത്തിലേത്ത്, കെകെ ഉതുപ്പ്, ഡോ. കോരഉമ്മന് എന്നീ പ്രമുഖര്‍ പങ്കെടുക്കും.
എംഎംസിഎയുടെ ആഭിമുഖ്യത്തില്‍ ജിസിഎസ് സി വരെയുള്ള കുട്ടികള്‍ക്കായി ട്യൂഷന് ക്ലാസുകള്‍, ഡാന്‍സ് ക്ലാസുകള്‍ എന്നിവ നടന്നു വരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുകെയിലെ ഒന്നാംനിര പ്രസ്ഥാനമായി വളര്‍ന്ന് പല സംഘനകളും വളര്‍ച്ചയും തളര്‍ച്ചയും അറിഞ്ഞപ്പോഴും എംഎംസിഎ ഒന്നാംനിരയില്‍ തുടരുകയായിരുന്നു. എംഎംസിഎ യെ മുന്നോട്ട് നയിച്ച മുന്‍ ഭാരവാഹികളെയും ചടങ്ങില്‍ ആദരിക്കുന്നു.ഓള് യുകെ ഷട്ടില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, മാധ്യമശില്‍പ്പശാല, മെഡിക്കല്‍ക്യാമ്പുകള്‍, ചിത്രചനാ മത്സരം, കുക്കറിഷോ, ഐടി സൈമിനാറുകള്‍, ഓള് യുകെ നൃത്തമത്സരം എന്നീ വിവിധവും വ്യത്യസ്തവുമായ പരിപാടികള്‍ അടുത്ത ഒരു വര്ഷക്കാലയവില് നടപ്പിലാക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണം 2012, 15.9.12 ശനി യാഴ്ച വിഥിന്ഷേവ് സെന്റ് ആന്റണീസ് ആര്‍സി സ്കൂളില്‍ ഹാളില്‍ രാവിലെ 9ന് പൂക്കളം ഇടുന്നതോടെ ആരംഭിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മത്സരങ്ങള്‍, പുരുഷന്മാര്, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുവേണ്ടിയുള്ള വടംവലി എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 12.30ന് വിഭവസമൃദ്ധമായ ഓണസദ്യ. ഉച്ചയ്ക്ക്2ന് വിഥിന്ഷേവ് ആന്റ് സെയില്‍ എംപി പോള്‍ ഗോഗ്ഗിന്സ് ഓണാഘോഷസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എംഎംസിഎ പ്രസിഡന്റ് അലക്സ് വര്‍ഗീസ് അധ്യക്ഷനാകും. സെക്രട്ടറി സാജന് ചാക്കോ സ്വാഗതം ആശംസിക്കും. നാടകകൃത്തും സംവിധായകനും, പൊതുപ്രവര്‍ത്തകനുമായ ഡോ. സിബി വേകത്താനം മുഖ്യാതിഥിയായിരിക്കും. എംഎംസിഎ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം റവ.ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിക്കും.
2.30മുതല്‍ തിരുവാതിര, ഓണപ്പാട്ടുകള്‍, നാടന്‍പാട്ടുകള്‍ നൃത്തനൃത്യങ്ങള്‍, കോമഡിസ്കിറ്റുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 5ന് ട്രാഫോര്‍ഡ് കലാസമിതി അവതരിപ്പിക്കുന്ന തോറ്റങ്ങള്‍ നാടകം ഉണ്ടായിരിക്കുന്നതാണ്. വൈസ് പ്രസിഡന്റ് ജെസ്സി സന്തോഷ് നന്ദി അര്‍പ്പിക്കും.തിരുവോണം 2012 ദശവത്സര ആഘോഷപരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സാജന് ചാക്കോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല