ലണ്ടന്‍: സ്‌കൂള്‍ അച്ചടക്കം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ലാസ് റൂമുകളില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കാന്‍ തീരുമാനമായി. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് അധ്യാപനം പലപ്പോഴും തടസ്സപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ നിരീക്ഷണ സംവിധാനമായ ഓഫ്സ്റ്റഡ് കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അടുത്ത സെപ്റ്റംബര്‍ മുതല്‍ നിയന്ത്രണം നിലവില്‍ വരും.
പലപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ ഫോണില്‍ ചാറ്റ് ചെയ്യുതും വീഡിയോ കാണുന്നതും പഠന നിലവാരത്തെ തന്നെ ബാധിച്ചിരുന്നു. ചില സ്‌കൂളുകള്‍ സ്വന്തം നിലയ്ക്ക് ക്ലാസ്സ് റൂമില്‍ മൊബൈല്‍ നിരോധിച്ചത് അനുകൂല ഫലം ചെയ്തതാണ് എല്ലാ സ്‌കൂളുകളിലും ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്. മിക്ക കുട്ടികളും അശ്ലീലസൈറ്റുകളിലെ സ്ഥിരം സന്ദര്‍ശകരാണന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.
ക്ലാസ്‌റൂമില്‍ വച്ച് ഫോണില്‍ സംസാരിക്കുകയോ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ ചെയ്താല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ടീച്ചര്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. ചില സ്‌കൂളുകള്‍ ക്ലാസില്‍ ഹെഡ്‌സെറ്റ് കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പഠന സമയത്ത് ഫോണ്‍ സൈലന്റ് മോഡില്‍ ഇട്ട് ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ പുതിയ വഴികള്‍ തേടുകയാണ് ടീച്ചര്‍മാര്‍. സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആണ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുളള അധികാരമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വക്താവ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല