സ്വന്തം ലേഖകന്‍: മൊബൈല്‍ നമ്പര്‍ പുലിവാലായി തുടര്‍ന്ന് ദിലീപ് നായകനായ പുതിയചിത്രം ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ രംഗത്തെത്തി. സിനിമയില്‍ നായിക ഉപയോഗിക്കുന്ന സാങ്കല്‍പ്പിക ഫോണ്‍നമ്പര്‍ യാദൃശ്ചികമായി തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടേതായിരുന്നു.
ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഈ നമ്പറിളേക്ക് ഫോണ്‍ വിളികളുടെ ബഹളമാണ്. ശല്യം അസഹ്യമായതിനെ തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
തിരുവനന്തപുരത്ത് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന 30 കാരിയായ വീട്ടമ്മ നാലു വര്‍ഷമായി ഉപയോഗിക്കുന്ന എയര്‍ടെല്‍ നമ്പറാണ് സിനിമയിലെ നായികയുടേതും.
ഈ നമ്പറിലേക്ക് വ്യാപകമായി ഫോണ്‍വിളികള്‍ എത്തുകയും കുടുംബം തകര്‍ക്കുന്ന നിലയിലേക്ക് പ്രശ്‌നം വളരുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ സിനിമയുടെ അണിയറക്കാര്‍ക്കെതിരേ മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലും വഞ്ചിയൂര്‍ കോടതിയിലും പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോടതി സംഭവം അന്വേഷിക്കാന്‍ അഭിഭാഷകരുടെ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിനിമ പ്രദര്‍ശനം തുടങ്ങിയതോടെ വീട്ടമ്മയുടെ ഫോണിലേക്ക് നിരന്തരം വിളി വരികയും അര്‍ദ്ധരാത്രിയില്‍ പോലും ശല്യമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവര്‍ സിനിമയ്‌ക്കെതിരേ നീങ്ങാന്‍ തീരുമാനിച്ചത്. വിഷയം സിനിമയുടെ അണിയറക്കാരെ അറിയിച്ചപ്പോള്‍ ഒരു നമ്പറല്ലേ എന്ന് പറഞ്ഞ് നിസ്സാരമാക്കി തള്ളുകയായിരുന്നു.
സിനിമയുടെ അണിയറക്കാര്‍ക്കെതിരേ 50,000 രൂപയുടെ മാനനഷ്ട കേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വീട്ടമ്മ. നടന്‍ സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രത്തിന്റെ സംവിധായകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല